ചത്ത തിമിംഗലം ആലപ്പുഴ കടൽത്തീരത്തടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിമിംഗലത്തിന്റെ ശരീരം അടിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരള തീരത്തുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് കണ്ടെയ്നർ അടിഞ്ഞ പശ്ചാത്തലത്തിൽ അതിൽ നിന്നുള്ള രാസവസ്തുക്കൾ മൂലമാണോ തിമിംഗലം ചത്തതെന്ന് അന്വേഷിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന്റെ ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കും. മരണകാരണം കപ്പലപകടവുമായി ബന്ധപ്പെട്ടതാണ് എന്ന് സംശയമുണ്ട്.
അതേസമയം, മെയ്, ജൂൺ മാസങ്ങളിൽ കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്‌തുക്കളും അതിന്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു.
വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്.