സി.ബി.ഐ. ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

സി.ബി.ഐ. ഓഫീസറാണെന്ന വ്യാജേന പോലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു.

New Update
535353

സി.ബി.ഐ. ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴയിലെ യാഫി പുരയിടം വീട്ടിൽ ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20) എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായത്.

Advertisment

കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയുടെ പണമാണ് പ്രതികൾ തട്ടിയെടുത്തത്. സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവാസിയെ ബന്ധപ്പെട്ടത്. സി.ബി.ഐ. ഓഫീസറാണെന്ന വ്യാജേന പോലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  ഓഗസ്റ്റ്‌ ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുക്കുകയായിരുന്നു. പണം ലഭിച്ചതോടെ ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് കേസ്.

കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികൾ വെറും കണ്ണികളാണെന്നും ഇവർക്ക് പിറകിൽ വൻ റാക്കറ്റ് ഉണ്ടെന്നും ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. അറസ്റ്റിലായ ഇർഫാൻ ഇഖ്ബാലാണ് പ്രധാന കണ്ണി. ജിതിൻ ദാസാണ് ബാങ്ക് അക്കൗണ്ട് എടുത്തുകൊടുക്കുന്നത്. ഒരുലക്ഷത്തിന് 1000 രൂപ കമ്മിഷനാണെന്നും ജിതിൻ ദാസ് പോലീസിനോട് പറഞ്ഞു.

Advertisment