ആലപ്പുഴ: രോഗത്തിന് മുന്നിൽ ഒരാളും നിസ്സഹായരായി തീരരുത് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരികയാണെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയാ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
ഇപ്പോൾ നടന്നുവരുന്ന വികസന പദ്ധതികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കുന്നതോടെ ക്യാൻസർ ചികിത്സാ സൗകര്യവും ഏർപ്പെടുത്തും.
കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എംസിഎച്ച് ബ്ലോക്ക്
താലൂക്കാശുപത്രിയിലെ ലേബർ റൂം, മെറ്റേർണിറ്റി ഓപ്പറേഷൻ തീയറ്റർ ലക്ഷ്യ സ്റ്റാൻഡേർഡാക്കുന്നതിനുവേണ്ടി 2018-2019 സാമ്പത്തിക വർഷത്തിൽ എൻഎച്ച് എം മുഖേന 3 കോടി 19 ലക്ഷം രൂപ അനുവദിച്ച് നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ മുകൾ ഭാഗത്ത് രണ്ടാമത്തെ നിലയായി പുതിയ ബ്ലോക്ക് തുടങ്ങി.
വെയിറ്റിംഗ് ഏരിയ, രജിസ്ട്രേഷൻ കൗണ്ടർ, ഡോക്ടേഴ്‌സ് റൂം, ട്രയാജ്, പോസ്റ്റ് നെറ്റൽ വാർഡ്, ലേബർ റൂമുകൾ, നഴ്സസ് സ്റ്റേഷൻ, എസ്എൻസിയൂ, സ്റ്റോർ, പോസ്റ്റ് ഓപി, പ്രീ ഓപ്പറേറ്റീവ് റൂം, ടൊയ്ലറ്റുകൾ, ഓട്ടോക്ലേവ്, എം.ജി.പിഎസ്, ഗ്യാസ് മാനിഫോൾഡ് റൂം എന്നിവ പൂർത്തീകരിച്ചു.
അതിൽ ഹൈ ടെൻഷൻ യൂണിറ്റ് സ്ഥാപിക്കാഞ്ഞതിനാൽ നിർമാണം പൂർത്തീകരിക്കാതിരുന്ന മോഡുലർ ഓപ്പറേഷൻ തീയറ്റർ, 20 പേർക്ക് കയറാവുന്ന ലിഫ്റ്റ് എന്നിവയുടെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കെൽ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
5 കിടക്കകളുള്ള ഐസിയു
എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ ടു 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തി 30.12 ലക്ഷം രൂപ ചിലവഴിച്ച് സിവിൽ, ഇലക്ട്രിക്കൽ, നെഗറ്റീവ് പ്രഷർ എന്നിവ പൂർത്തീകരിച്ചു.
ഐസിയുവിൽ സീലിംഗ് വർക്കുകൾ, മെഡിക്കൽ ഗ്രേഡ് കർട്ടനുകൾ, മെഡിക്കൽ ഗ്യാസ് ലൈൻ, ബെഡ് ഹെഡ് പാനൽ എന്നിവയും പൂർത്തീകരിച്ചു. കൂടാതെ നഴ്സസ് സ്റ്റേഷൻ, ശൗചാലയങ്ങൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
എച്ച് ടി ട്രാൻസ്‌ഫോർമർ കണക്ഷൻ
കായംകുളം നഗരസഭ 2018-2019-ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 57 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം മുഖേന 241 കിലോ വാട്ട് ഹൈ ടെൻഷൻ ട്രാൻസ്ഫോർമർ സ്ഥാപിച്ച് ചാർജ് ചെയ്ത് ഉപയോഗിച്ചുവരുന്നു.
ഓക്സിജൻ പ്ലാൻ്റ്
ഡോക്ടേഴ്സസ് ഫോർ യൂ എന്ന സംഘടന സി എസ് ആർ ഫണ്ട് മുഖേന നൽകിയ തുകയും കായംകുളം നഗരസഭ അനുവദിച്ച് തുകയും ചേർത്ത് ആകെ ഒരു കോടി 30 ലക്ഷം രൂപ ചിലവഴിച്ച് ആശുപത്രിയിൽ ഒരു ഓക്‌സിജൻ പ്ലാന്റ് പൂർത്തീകരിച്ചിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
അഡ്വ. യു പ്രതിഭ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പി ശശികല, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ഡോ. കെ ജെ റീന, കായംകുളം നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ഫർസാന ഹബീബ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജമുനാ വർഗീസ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി പണിക്കർ, സ്ഥിരം സമിതി അധ്യക്ഷരായ മായാദേവി, എസ് കേശുനാഥ്, പി എസ് സുൽഫിക്കർ, ഷാമില അനിമോൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ് ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.