വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച: കായംകുളം നഗരസഭാ ജീവനക്കാർക്ക് സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും

ആർടിഐ നിയമം നാലാം വകുപ്പിൽ 17 ഉപവകുപ്പുകളിലായി നിർദ്ദേശിക്കുന്ന കാര്യങ്ങളൊന്നും ഉദ്യോഗസ്ഥർ നടപ്പിൽ വരുത്തിയിട്ടില്ലെന്ന് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനോട് സമ്മതിച്ചു.

author-image
ഇ.എം റഷീദ്
New Update
aa hakkim kayamkulam

 

Advertisment

കായംകുളം നഗരസഭാ ജീവനക്കാർക്ക് വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും. വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണിത്. 


സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീമിൻറെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ചകൾ കണ്ടെത്തിയത്. നഗരസഭയിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിവരിക്കുന്ന പൗരാവകാശ രേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മിഷൻറെ വിമർശനത്തിനു കാരണമായി.


വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ നാല് ബോധനാധികാരികളുടെ പ്രവർത്തനങ്ങളിൽ കമ്മിഷണർ അതൃപ്തി അറിയിച്ചു.ഉദ്യോഗസ്ഥരുടെ വീഴ്ചകളും അലസതയും കാരണമായി ഭരണ സമിതിയും ജനപ്രതിനിധികളും പരാതികേൾക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം.

ആർടിഐ നിയമം നാലാം വകുപ്പിൽ 17 ഉപവകുപ്പുകളിലായി നിർദ്ദേശിക്കുന്ന കാര്യങ്ങളൊന്നും ഉദ്യോഗസ്ഥർ നടപ്പിൽ വരുത്തിയിട്ടില്ലെന്ന് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനോട് സമ്മതിച്ചു.

aa hakkim kayamkulam-2


ഫയലുകൾ ഇനംതിരിച്ച് സ്റ്റാക്ക് (Stack) ചെയ്തിട്ടില്ല. അവയുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചിട്ടില്ല. നഗരസഭയിലെ അടിസ്ഥാന വിവരങ്ങൾ, വികസന പ്രവർത്തനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ആസ്ഥികൾ, ഉദ്യോഗസ്ഥരുടെ ചുമതലകളും ശമ്പളവും തുടങ്ങി സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങളും ലഭ്യമാക്കിയിട്ടില്ല. 


ഇവയെല്ലാം എത്രയും വേഗം ചട്ടപ്രകാരം സജ്ജമാക്കണമെന്നും ആ വിവരങ്ങൾ ആർക്കും ഏതു നേരവും ശേഖരിക്കാനാകുംവിധം കംപ്യൂട്ടർ നെറ്റ് വർക്കിൽ  ലഭ്യമാക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു.

അതിനായി സെക്രട്ടറി എസ്. സനിൽ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടു. കമ്മിഷണർ 21 ദിവസം അനുവദിച്ചു. പൗരാവകാശ രേഖ കാലികമാക്കി ഉടൻ പ്രസിദ്ധീകരിക്കണം. സുപ്രീം കോടതിയുടെ നിർദ്ദേശമുള്ളതിനാൽ ഈ ഉത്തരവാദിത്തം നിർവ്വഹിക്കാതിരുന്ന 2018 മുതലുള്ള ഉദ്യോഗസ്ഥരുടെ പേരും വിശദാംശവും സെക്രട്ടറി സമർപ്പിക്കണം.

അവരിലെ കുറ്റക്കാർക്കെതിരെ വിവരാവകാശ നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്തിയ റിപ്പോർട്ട് മേയ് 20 നകം തനിക്ക് ലഭ്യമാക്കണമെന്നും കമ്മിഷണർ ഉത്തരവായി. ചേരാവള്ളി രാമചന്ദ്രൻ ആചാരി, ഐക്യജംഗ്ഷൻ ഞാവക്കാട്ട് നൗഷാദ് എന്നിവരുടെ പരാതികൾ തീർപ്പാക്കി. 

Advertisment