/sathyam/media/media_files/2025/05/21/voDU3ppHx91ad9SqWX2N.jpg)
ആലപ്പുഴ: ജില്ലയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലകളിൽ മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൂന്ന് ദിവസത്തിനകം സംയുക്ത പരിശോധന നടത്തി അപകടസാധ്യത സ്‌പോട്ടുകൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കാൻ തീരുമാനം.
ദേശീയപാതയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെയും കാലവർഷാരംഭത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
സംയുക്ത പരിശോധനക്ക് ശേഷം ഹോട്ട്‌സ്‌പോട്ടുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കും. നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിലെ ബാരിക്കേഡുകൾ നീക്കും.
ഡീവീയേഷൻ ആവശ്യമായ സ്ഥലങ്ങളിൽ ബ്ലിങ്കിങ് ലൈറ്റ് സ്ഥാപിക്കും. വാഹനങ്ങൾക്കുള്ള മുന്നറിയിപ്പ് ബോർഡുകളും കൂടുതലായി സ്ഥാപിക്കും.
മലപ്പുറത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി പി പ്രസാദ് ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.
അപകടസാധ്യത വർധിപ്പിക്കുന്ന തരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ നീക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ ഡ്രെയിനേജ് ഉറപ്പുവരുത്തുക, സർവീസ് റോഡിലേക്ക് വെള്ളം ശക്തമായി വീഴുന്നയിടങ്ങളിൽ അടിയന്തരമായി ഡൗൺ ടേക്ക് പൈപ്പ് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും മന്ത്രി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us