/sathyam/media/media_files/2025/06/16/nmR3tIKnVo0wLT1Ag397.jpg)
ആലപ്പുഴ: 'മനസ്സ് നന്നാവട്ടെ മതമേതെങ്കിലും ആവട്ടെ' എന്ന ഗാനം ആലപ്പുഴയുടെ പ്രിയ വിപ്ലവ ഗായിക പി.കെ മേദിനി ഉറക്കെ പാടിയപ്പോൾ പ്രായത്തിൻ്റെ അവശതകൾ മറന്ന് വയോജനങ്ങളും അവർക്കൊപ്പം മന്ത്രി പി. പ്രസാദും ആവേശത്തോടെ ഏറ്റുപാടി.
മായിത്തറ ഗവ. വൃദ്ധസദനത്തിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഉദ്ഘാടന വേദി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ സന്തോഷത്തിൻ്റെയും ഓർമ്മകളുടെ ഭൂതകാലത്തിലേക്കുമുള്ള യാത്രയുമായി മാറി.
രാവിലെ തങ്ങൾക്ക് ഏറെ സുപരിചതനായ ചേർത്തലയുടെ സ്വന്തം മന്ത്രിയെ കണ്ടപ്പോൾ അന്തേവാസികളെല്ലാം കുശലാന്വേഷണവുമായി മന്ത്രിക്കൊപ്പം വട്ടം കൂടി ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു.
വയോജനങ്ങൾ സമൂഹത്തിൻ്റെ ആദരവും സംരക്ഷണത്തിനും ഏറ്റവും അർഹതയുള്ളവരാണെന്നും അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സമൂഹത്തിലും വീടുകളിലും അവർക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ കാലഘട്ടം മുതൽ ഓരോ വ്യക്തിയും മുതിർന്നവരെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും അതിനായി സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുതലമുറയും നാളെ മുതിർന്ന പൗരൻമാരായി മാറും എന്ന ബോധ്യമുണ്ടാകണമെന്നും അതിനാൽ വീട്ടിലെ പ്രായമായവർക്ക് സംരക്ഷണവും സന്തോഷവും നൽകാൻ യാതൊരുവിധ മടിയും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us