/sathyam/media/media_files/JOqg2fGeX2DX4hzOZsG3.jpg)
ആലപ്പുഴ: കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം വർധിക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെട്ട സന്നദ്ധസേന രൂപീകരിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ജനവാസ മേഖലയിലടക്കം വന്യജീവി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈനായാണ് മന്ത്രി യോഗത്തിൽ പങ്കെടുത്ത്. ജില്ലാ കളക്ടർ അലക്സ് വർഗീസും യോഗത്തിൽ സന്നിഹിതനായി.
ജനവാസ മേഖലകളിലെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും പ്രാദേശിക ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരത്തുക വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വകുപ്പുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ, വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി ദുരന്തനിവാരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മാർഗ്ഗനിർദേശം നൽകുന്നതിന് നാല് ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സംസ്ഥാന സമിതി.
ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന സംസ്ഥാനതല ഉദ്യോഗസ്ഥ നിയന്ത്രണ സമിതി, ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ജില്ലാ കളക്ടറും ജില്ലാതല ഉദ്യോഗസ്ഥരും അടങ്ങിയ ജില്ലാതല നിയന്ത്രണ സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പ്രാദേശികതല ജാഗ്രത സമിതി എന്നിവയാണ് ഉപസമിതികൾ.
മനുഷ്യ വന്യജീവി സംഘർഷം ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സമിതികൾ വഴി ഏകോപിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us