വായന യുവാക്കളുടെ ലഹരിയാക്കാൻ നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തണം - സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ ഹക്കീം

author-image
ഇ.എം റഷീദ്
Updated On
New Update
aa hakkim kayamkulam-5

ആലപ്പുഴ: വായന കുട്ടികളുടെയും യുവാക്കളുടെയും ലഹരിയാക്കുവാൻ നൂതന സങ്കേതങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം പറഞ്ഞു. 

Advertisment

ഗ്രന്ഥശാലകളും പുസ്തക പ്രസാദകരുമെല്ലാം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം. സ്കൂൾ, സർവ്വകലാശാല കലോത്സവങ്ങളിൽ വായനയ്ക്കും പുസ്തക നിരുപണത്തിനുമെല്ലാം കാലിക രീതിയിൽ മത്സരങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടവും പി എൻ പണിക്കർ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായന ദിന - വായന വർഷ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

aa hakkim kayamkulam-4

ഇന്നത്തെ അധ്യാപകരിൽ ഏറെയും സാമൂഹ്യ ബാധ്യത നിറവേറ്റാത്തവരാണ്. അധ്യാപകർ കുട്ടികളെ അടിച്ചും ശകാരിച്ചും നോക്കിയിരുന്ന കാലത്ത് അവർക്ക്  കുട്ടികൾ സ്വന്തം മക്കളായിരുന്നു.

എന്നാൽ അധ്യാപകർ കുട്ടികളെ ശിക്ഷിച്ചാൽ പൊലീസുകാർ അധ്യാപകരെ ശിക്ഷിക്കുന്ന കാലമാണിത്. അതോടെ ഗുരു - ശിഷ്യ ബന്ധത്തിൻറെ ആത്മീയ വശം കൈമോശം വന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അച്ചടക്ക പാലനത്തിനും അധ്യാപകർക്ക്  കൂടുതൽ സ്വാതന്ത്ര്യം വേണ്ടതുണ്ട്.

വായന മരിക്കുന്നു എന്ന വാദം ശരിയല്ല. വായന മരിക്കുന്നില്ല, മറിച്ച് അതിന്റെ രൂപം മാറുകയാണ്. വിവരം വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് വായന കടലാസിൽ നിന്ന് സ്ക്രീനിലേക്ക് രൂപഭേദം പൂണ്ടത് തിരിച്ചറിയണം. ടെക്‌നോളജിയുടെ നൂതന സങ്കേതങ്ങളിലൂടെ വായന കൂടുതൽ ആളുകളിൽ എത്തിക്കുകയാണ് ചെയ്തിട്ടുള്ളത്.

പഴയപോലെ പുസ്തകങ്ങൾ കൈവശം വച്ച് മണിക്കൂറുകളോളം വായിക്കുന്നവരുടെ എണ്ണം കുറയുന്നത് ശരിയാണ്. എന്നാൽ ഡിജിറ്റൽ വായന, ഓഡിയോബുക്കുകൾ, ബ്ലോഗുകൾ, ഇ-ബുക്കുകൾ എന്നിവയ്ക്ക് ആവശ്യക്കാർ കൂടിവരികയാണ്.

aa hakkim kayamkulam-3

സമൂഹ മാധ്യമങ്ങളിലൂടെയും, അനിമേറ്റഡ് സ്റ്റോറികളിലൂടെയും വായനയുടെ സ്വഭാവം മാറിയിട്ടുണ്ട്. ഇ - റീഡിംഗും സ്ക്രീൻ റീഡിംഗും നല്ല നിലയിൽ ഉപയോഗിച്ചാൽ വായനയുടെ പുതിയ സങ്കേതങ്ങളിൽ നമുക്ക് അത്ഭുതങ്ങൾ വിരിയിക്കാൻ കഴിയും.

കുട്ടികളിൽ വായനാശീല കുറയുന്നു എന്നത് ഗുരുതരമായ വിഷയമാണ്. സ്കൂൾ തലത്തിൽ വായനാ ക്ലബ്ബുകൾ, പുസ്തക മേളകൾ, വായനാ മത്സരങ്ങൾ എന്നിവയിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന ശീലം ശക്തിപ്പെടുത്തണം. പി. എൻ. പണിക്കർ ഫൗണ്ടേഷൻ പോലുള്ള സ്ഥാപനങ്ങൾ വായനയുടെ പുനരുദ്ധാനത്തിന് വലിയ സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടർ അലക്സ് വർഗീസ് വായനാദിന  സന്ദേശം നല്കി. ഹെഡ്മിസ്ട്രസ് ടി. മിനിമോൾ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. കൗൺസിലർ സിമിഷെഫിഖാൻ, പ്രിൻസിപ്പൽ ബി. ജയശ്രീ, പി ടി എ പ്രസിഡൻറ് എം.നൗഫൽ, ഫൗണ്ടേഷൻ വർക്കിംഗ്  പ്രസിഡൻറ് കെ.നാസർ, കെ.ജെ., ബെൻസി, രാജു പള്ളിപ്പറമ്പൻ, എം.വി.ഉത്തമകുറുപ്പ്, പ്രതാപൻ നാട്ടുവെളിച്ചം, സുരേഷ് ബാബുകാവാലം എന്നിവർ സംസാരിച്ചു.

Advertisment