/sathyam/media/media_files/2025/03/22/bwNxckKNWVubKEVkwOED.jpg)
ആലപ്പുഴ: ഇടതുമുന്നണിയിൽ വല്യേട്ടൻ പാർട്ടിയായ സി.പി.എമ്മിന് പിന്നിൽ രണ്ടാം ഊഴക്കാരനായ ചെറ്യേട്ടനാണെങ്കിലും പാർട്ടിയിലെ വിഭാഗീയതയുടെ കാര്യത്തിൽ ഒന്നാമനാകാനുളള ശ്രമത്തിൽ സി.പി.ഐ.
ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളിൽ കേരളത്തിലെ ആദ്യത്തെ സി.പി.ഐ ജില്ലാ സമ്മേളനത്തിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളാണ് ഗ്രൂപ്പു പോരിൽ സി.പി.എമ്മിനെ കടത്തിവെട്ടും എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നത്.
കായംകുളം മൂന്നാം കുറ്റിയിൽ നടക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ചേരിതിരിഞ്ഞ് വിമർശിക്കുകയും നടന്ന ചർച്ച പൊടിപ്പും തൊങ്ങലും മസാലയും ചേർത്ത് പുറത്തെത്തിക്കുകയും ചെയ്തതോടെയാണ് സി.പി.ഐയിലെ വിഭാഗീയത തൊലിപ്പുറത്തല്ല ആഴത്തിൽ പടർന്നുവെന്ന് വ്യക്തമായത്.
ജില്ലയുടെ ചുമതലക്കാരനും ദേശിയ കൗൺസിൽ അംഗവുമായ മന്ത്രി പി. പ്രസാദിന് എതിരെ ഒരുവിഭാഗം നീക്കം നടത്തിയതാണ് ജില്ലാ സമ്മേളനത്തെ ആകാംക്ഷയിൽ നിർത്തിയത്.
വടംവലിക്കൊടുവിൽ അനുയായിയായ എസ്. സോളമനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത് പി. പ്രസാദ് കരുത്ത് തെളിയിച്ചപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന് ശ്വാസം നേരെ വീണത്.
58 അംഗ ജില്ലാ കൗൺസിലിലും പി പ്രസാദിൻെറ അനുകൂലികൾക്കാണ് ഭൂരിപക്ഷം. എതിർവിഭാഗം മത്സരത്തിന് കച്ചമുറുക്കിയിരുന്നെങ്കിലും അവസാന ഘട്ടമായപ്പോഴേക്ക് പിന്മാറി.
പി.പ്രസാദിൻെറ എതിർപക്ഷത്തുളള തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെ ജില്ലാ എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവാക്കി പകരം വീട്ടുകയും ചെയ്തു.
ആലപ്പുഴ ജില്ലാ സമ്മേളനം ചേരിപ്പോരിനിടയിലും വലിയ പരുക്കില്ലാതെ അവസാനിച്ചപ്പോഴേക്കും അടൂർ മണ്ഡലം സമ്മേളനത്തിൽ അടിപൊട്ടിയത് നേതൃത്വത്തിന് പുതിയ തലവേദനയായി.
സമ്മേളന പ്രതിനിധികൾ പരസ്പരം ചേരിതിരിഞ്ഞ് പോർവിളിച്ചത് അടൂർ മണ്ഡലം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കി. പോർവിളി തുടങ്ങിയതോടെ സമ്മേളനം നിർത്തിവെക്കേണ്ടി വന്നു.
മേൽക്കമ്മിറ്റി പ്രതിനിധിയായി മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന് നേരെ ഒരു വിഭാഗം പാഞ്ഞടുത്തതും സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ നടപടി നേരിട്ട പത്തനംതിട്ടയിലെ മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനെ മണ്ഡലം കമ്മിറ്റി പാനലിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
സമ്മേളനം ശബ്ദായമാനമായ രംഗങ്ങളിലേക്ക് കടന്നതോടെ മുണ്ടപ്പളളി തോമസിന് കമ്മിറ്റിയുടെ താൽക്കാലിക ചുമതല നൽകി പിരിയുകയായിരുന്നു.
ഒരുകാലത്തും ഇല്ലാത്ത വിധത്തിലുളള വിഭാഗീയതക്കും ചേരിപ്പോരിനുമാണ് ഇത്തവണ സി.പി.ഐ സമ്മേളനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ബിനോയ് വിശ്വത്തിന് പാർട്ടിയിൽ നിയന്ത്രണം നഷ്ടമായതാണ് സമ്മേളനങ്ങൾ കലാപവേദികളായി മാറാൻ കാരണമെന്നാണ് നേതാക്കൾ പറയുന്നത്.
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് ബിനോയ് വിശ്വത്തിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുളള നീക്കങ്ങളും നടക്കുന്നുണ്ട്.
ഈ നീക്കവും സമ്മേളനങ്ങളിൽ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്.ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അതിൻെറ സൂചന ഉണ്ടെന്ന് മനസിലാക്കി ഇടപെട്ടത് കൊണ്ടാണ് മത്സരം ഒഴിവായത്.
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിൻെറ വിശ്വസ്തനായ മന്ത്രി പി.പ്രസാദിന് എതിരെ ആസൂത്രിതമായ നീക്കമാണ് നടന്നത്. പൊതുചർച്ചയിൽ പ്രസാദിനെ ലക്ഷ്യംവെച്ച് വിമർശനം ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടന്നു.
മന്ത്രി പ്രസാദ് ചുമതല വഹിക്കുന്ന കൃഷി വകുപ്പ് തീർത്തും പരാജയമാണെന്നും മന്ത്രിയുടെ ഓഫീസിൽ കർഷകർക്ക് പ്രതിഷേധിക്കേണ്ടി വന്നത് ചരിത്രത്തിലില്ലാത്ത സംഭവമാണെന്നുമാണ് ജില്ലാ സമ്മേളനത്തിലെ ചർച്ചയിൽ ഉയർന്ന ആക്ഷേപം.
സി.പി.ഐ ഭരിക്കുന്ന വകുപ്പെന്ന് അഭിമാനത്തോടെ പറയാനാവുന്നത് കെ.രാജൻ ഭരിക്കുന്ന റവന്യു വകുപ്പിനെ മാത്രമാണെന്നും മന്ത്രി പി.പ്രസാദിനെ സാക്ഷിയാക്കി പ്രതിനിധികൾ വിമർശിച്ചു.
എന്നാൽ ജില്ലാ സമ്മേളനത്തിലെ ചർച്ചയെന്ന പേരിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങൾ തീർത്തും തെറ്റാണെന്നാണ് മന്ത്രി പി.പ്രസാദ് അനുകൂലികളുടെ ആക്ഷേപം.
സമ്മേളനത്തിൽ നടക്കാത്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പാർട്ടിയിലെ എതിർ വിഭാഗമാണെന്നും ആക്ഷേപമുണ്ട്.
ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻെറ ആജ്ഞ നിരാകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത മന്ത്രി പി.പ്രസാദിനെ ജില്ലാ സമ്മേളനവും പ്രതിനിധികളും അഭിനന്ദിക്കുകയുമാണ് ചെയ്തതെന്നാണ് അവർ അവകാശപ്പെടുന്നത്.
എന്നാൽ ഈ വാദത്തിൽ പകുതി സത്യം മാത്രമേ ഉളളുവെന്നാണ് എതിർപക്ഷത്തിൻെറ മറുപടി.ഭാരതാംബ വിഷയത്തിൽ മന്ത്രിയുടെ ആലപ്പുഴ ജില്ലയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകരെ തടഞ്ഞ സി.പി.ഐക്കാർക്ക് എതിരെ കേസെടുത്തിട്ടും മന്ത്രി കാഴ്ചക്കാരനായി നിന്നുവെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചുവെന്നാണ് പി.പ്രസാദ് വിരുദ്ധരുടെ വിശദീകരണം.
ഇങ്ങനെ ചേരി തിരിഞ്ഞ് പോരടിക്കുന്ന തരത്തിലുളള വിഭാഗീയത ഇപ്പോൾ സി.പി.എമ്മിൽ പോലുമില്ല.എന്നാൽ നേതൃത്വത്തിന് ഒരുനിയന്ത്രണവുമില്ലാത്ത തരത്തിൽ കെട്ടുപൊട്ടിയ പട്ടം പോലെയാണ് സി.പി.ഐയിലെ വിഭാഗീയതയുടെ പോക്ക്.