ആലപ്പുഴ: ജനാധിപത്യം നിലനിൽക്കാൻ വിവരാവകാശ നിയമം സംരക്ഷിക്കപ്പെടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ എ ഹക്കീം. വിവരാവകാശ നിയമത്തിന് എതിരെ നടക്കുന്ന ഏത് കയ്യേറ്റവും ജനാധിപത്യത്തെ ദുർബലപ്പെടുത്തും. അത് ജനങ്ങളുടെ അധികാര പങ്കാളിത്തത്തിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റിൽ ജില്ലാതല സിറ്റിംഗിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു കമ്മിഷണർ. വിവരാവകാശ നിയമത്തെ കണ്ണിലെ കൃഷ്ണപണി പോലെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണം. അപേക്ഷകർ നിയമം ദുരുപയോഗം ചെയ്യരുത്.
ഉദ്യോഗസ്ഥർ അപേക്ഷകരോട് മുഖം തിരിഞ്ഞ് നിൽക്കുകയും അരുത്. വ്യക്തികൾ എന്ന നിലയിൽ ഉദ്യോഗസ്ഥരുടെയും ശക്തിയാണ് ഈ നിയമം. തങ്ങളെ ബാധിക്കുന്ന മറ്റേത് നിയമവും എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള ആയുധം കൂടിയാണ് വിവരാവകാശ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമത്തെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരും സമൂഹത്തിലെ മുഴുവൻ പേരും ബാധ്യസ്ഥരാണ്. വിവരാവകാശ അപേക്ഷകരോട് ജനപക്ഷത്തു നിന്നും മറുപടി നൽകുന്നതിൽ ആലപ്പുഴ ജില്ല താരതമ്യേന ഭേദമാണ്. പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ഇനിയും ജാഗ്രത വേണം എന്നും കമ്മീഷണർ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/05/right-to-information-act-2025-07-05-20-25-09.jpg)
ആലപ്പുഴ സൈബർ സെല്ലിൽ ഡൊമിനിക് എ സി സമർപ്പിച്ച പരാതിയിൽ ജൂലൈ 12 നകം കമ്മീഷൻ റിപ്പോർട്ട് തേടി. ആലപ്പുഴ നഗരത്തിലെ വാർഡുകളിൽ തുടരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നു എന്ന പരാതിയിൽ കെ.എസ്ഇ.ബി യുടെ റിപ്പോർട്ട് അംഗീകരിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഹരിപ്പാട് അസിസ്റ്റന്റ് കമ്മീഷണർ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആഭരണങ്ങളുടെ ഭണ്ഡാരമടങ്ങിയ സ്ട്രോങ്ങ് റൂം തുറന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷ കമ്മീഷൻ തള്ളി.
കായംകുളം കുറ്റിയിൽ കോവിലകവുമായി ബന്ധപ്പെട്ട് വേട്ടയ്ക്കൊരു മകൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റിനെ സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചയ്ക്കകം ലഭ്യമാക്കാൻ സബ് രജിസ്ട്രാറോട് കമ്മീഷൻ നിർദ്ദേശിച്ചു.
ആലപ്പുഴ നഗരസഭ ഓഫീസിലെ 82 ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ അംശദായം സർക്കാറിൽ ഒടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹർജികക്ഷിക്ക് ഉടൻ ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
ചേർത്തല ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽ തലവടി സൗത്തിൽ നിന്നും ശ്രീജേഷ് സമർപ്പിച്ച അപേക്ഷയിൽ പട്ടയം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടത് മൂന്നാം കക്ഷി വിവരങ്ങൾ ആയതിനാൽ, നൽകാൻ കഴിയില്ല എന്ന അധികൃതരുടെ നിർദ്ദേശം കമ്മീഷൻ ശരിവെച്ചു.
മുഹമ്മ ഗ്രാമപഞ്ചായത്തിലെ ലോറൻസ് സമർപ്പിച്ച അപേക്ഷയിൽ ഫയൽ കണ്ടെത്തി നൽകാൻ കമ്മീഷൻ ഉത്തരവായി. ഹിയറിങ്ങിൽ ആകെ പരിഗണിച്ച 16 കേസുകളും തീർപ്പാക്കി.