ബന്ധുക്കൾ സംരക്ഷിക്കാൻ തയ്യാറായില്ല. ഭാരതിയമ്മയുടെ സമ്പാദ്യത്തിന് ഇനി അവകാശി സാമൂഹ്യനീതി വകുപ്പ്

പ്രായാധിക്യവും അനാരോഗ്യവും ഒറ്റപ്പെടലിന്റെ വേദനയും പേറി ജീവിച്ച ഭാരതിയമ്മ 2019 ൽ ആണ് സാമൂഹ്യനീതി വകുപ്പിന്റെ ആലപ്പുഴയിലെ മായിത്തറ സർക്കാർ വയോജന മന്ദിരത്തിൽ എത്തിച്ചേർന്നത്.  

New Update
images(881)

ആലപ്പുഴ: ജീവിത സായന്തനത്തിൽ സംരക്ഷണം നൽകിയ സാന്ത്വനതീരം സർക്കാർ വയോജന മന്ദിരത്തിന് തന്റെ ബാങ്ക് നിക്ഷേപത്തിന്റെയും മറ്റ് സമ്പാദ്യങ്ങളുടെയും അവകാശം നിറഞ്ഞ സന്തോഷത്തോടെ കൈമാറി ഭാരതിയമ്മ. 

Advertisment

മാതാപിതാക്കളുടെ മരണവും ജീവിത പ്രാരാബ്ധങ്ങളും മൂലം അവിവാഹിതയായി തുടർന്ന ഭാരതിയമ്മയെ പ്രായമായപ്പോൾ സംരക്ഷിക്കുവാൻ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. 


പ്രായാധിക്യവും അനാരോഗ്യവും ഒറ്റപ്പെടലിന്റെ വേദനയും പേറി ജീവിച്ച ഭാരതിയമ്മ 2019 ൽ ആണ് സാമൂഹ്യനീതി വകുപ്പിന്റെ ആലപ്പുഴയിലെ മായിത്തറ സർക്കാർ വയോജന മന്ദിരത്തിൽ എത്തിച്ചേർന്നത്.  


സ്വന്തമായി കാര്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയാതെ കിടപ്പിലായ ഭാരതിയമ്മയെ ഒരു വർഷം മുൻപാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേനെ ആറാട്ടുപുഴയിലെ സാന്ത്വന തീരം സർക്കാർ വയോജന മന്ദിരത്തിലേക്ക് മാറ്റിയത്. 

സ്ഥാപനത്തിലെ മറ്റ് താമസക്കാരുമായും ജീവനക്കാരുമായും വളരെ വേഗം സൗഹൃദത്തിലായ ഭാരതിയമ്മ തന്റെ അടുത്ത ബന്ധുക്കളുടെ സംരക്ഷണയിൽ ജീവിതാവസാന ഘട്ടത്തിൽ കുറച്ച് നാൾ ജീവിക്കണമെന്ന ആഗ്രഹം ആറു മാസം മുൻപാണ് സ്ഥാപന സൂപ്രണ്ടിനെ അറിയിച്ചത്. 


ഭാരതിയമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള തുകയുടെ അവകാശിയായ ബന്ധുക്കൾക്കൊപ്പം കുറച്ച് നാൾ കഴിയുവാനുള്ള ആഗ്രഹം ബന്ധുക്കളെ പലതവണ അറിയിച്ചെങ്കിലും അവർ അതിന് സന്നദ്ധരായിരുന്നില്ലെന്ന് മാത്രമല്ല, സ്ഥാപനത്തിൽ വന്ന് ഭാരതിയമ്മയെ കാണാൻ പോലും കൂട്ടാക്കിയില്ല. 


ഭാരതിയമ്മയെ അത് വല്ലാതെ നിരാശയാക്കി. തന്നെ ഒരു ദിവസം പോലും സംരക്ഷിക്കുവാൻ തയ്യാറാകാത്ത ബന്ധുക്കൾക്ക് തന്റെ ബാങ്ക് നിക്ഷേപ തുകയിലുള്ള അവകാശം ഒഴിവാക്കി തരണമെന്നും തന്നെ സംരക്ഷിക്കുന്ന സർക്കാർ വയോജന മന്ദിരത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി നിക്ഷേപ തുക ഉപയോഗപ്പെടുത്തണമെന്നും ഭാരതിയമ്മ സ്ഥാപന സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. 

ഭാരതിയമ്മയുടെ തീരുമാനം സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ മുഖേനെ ജില്ലാ കളക്ടറെ അറിയിക്കുകയും തുടർന്ന് ബന്ധുക്കളെയും സാമൂഹ്യനീതി വകുപ്പ് അധികാരികളെയും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് കേൾക്കുകയും ചെയ്തു. 


ഭാരതിയമ്മയെ സംരക്ഷിക്കുവാൻ കഴിയില്ലെന്ന് ഹിയറിംഗിൽ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് ജില്ലാ നിയമ സേവന അതോറിറ്റി, സബ് രജിസ്ട്രാർ എന്നിവർ മുഖേനെ ഭാരതിയമ്മയുടെ ആഗ്രഹപ്രകാരം ബാങ്ക് നിക്ഷേപ തുകയുടെ അവകാശം ആറാട്ടുപുഴ സാന്ത്വന തീരം സർക്കാർ വയോജന മന്ദിരത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറുന്നതിനുള്ള നടപടി പൂർത്തീകരിക്കുകയായിരുന്നു.  


ആറാട്ടുപുഴ സാന്ത്വനതീരത്തിൽ വെച്ച് സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻഡ് ഡയറക്ടർ അബീൻ.എ.ഒ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻചാർജ് എം.വി സ്മിത, കാർത്തികപ്പള്ളി താലൂക്ക് നിയമ സേവന അതോറിറ്റി സെക്രട്ടറി മനീഷ് മോഹൻദാസ്, വാർഡ് അംഗം വി. രജിമോൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരതിയമ്മ ബാങ്ക് നിക്ഷേപ തുകയുടെയും മറ്റും അവകാശം സ്ഥാപനത്തിന് നൽകി കൊണ്ടുള്ള രേഖ സ്ഥാപന സൂപ്രണ്ട് വിജി ജോർജ്ജിന് കൈമാറി. 

മുതിർന്ന പൗരൻമാരെ സംരക്ഷിക്കുവാൻ നിയമപരമായി ഉത്തരവാദിത്തമുള്ള ബന്ധുക്കൾ അത് നിർവ്വഹിക്കാത്ത സാഹചര്യത്തിൽ മുതിർന്ന പൗരൻമാരുടെ സമ്പാദ്യത്തിനും മറ്റ് സ്വത്ത് വകകൾക്കും അവർ അർഹരല്ലെന്നും അതുമായി ബന്ധപ്പെട്ട തുടർനടപടികൾ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ.എസ്.നായർ അറിയിച്ചു.

Advertisment