ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവം ഒമ്പതിന് പകൽ 2.30-ന് പമ്പയാറ്റിൽ നടക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും.
ജലഘോഷയാത്ര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഫ്ലാഗ് ഓഫ്ചെയ്യും. സാംസ്‌കാരികസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
മന്ത്രി പി പ്രസാദ് സമ്മാനം നൽകും. മാസ്ഡ്രിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് ഫ്ലാഗ്ഓഫ്ചെയ്യും. അഞ്ച് ചുണ്ടൻവള്ളവും മൂന്നുവീതം വെപ്പ് എ, ബി ഗ്രേഡ് വള്ളവുമാണ് മത്സരിക്കുന്നത്.
ശനിയാഴ്‌ച രാജപ്രമുഖൻ ട്രോഫിയും വഹിച്ചുള്ള വിളംബരഘോഷയാത്ര രാവിലെ ഒമ്പതിന് കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽനിന്ന് തുടങ്ങി വൈകിട്ട് 6.30-ന് മങ്കൊമ്പിൽ എത്തും.
ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മങ്കൊമ്പ് ജങ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യും.
മജീഷ്യൻ വിൽസൺ ചമ്പക്കുളത്തിന്റെ മാജിക് മിസ്‌റ്റീഷ്യയുണ്ടാകും. ഞായർ പകൽ രണ്ടിന് തകഴി ശിവശങ്കരപ്പിള്ള സ്‌മാരക ഗവ. യുപി സ്‌കൂളിൽ നടക്കുന്ന കൈകൊട്ടിക്കളി യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യും.
തിങ്കൾ പകൽ മൂന്നിന് ചമ്പക്കുളം പോരൂക്കര സിഎംഐ കോളേജിൽനിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ സമാപിക്കും.
അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ് ഫ്ലാഗ് ഓഫ്ചെയ്യും. സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. വള്ളംകളി രംഗത്തെ പ്രമുഖരെ നടൻ പ്രമോദ് വെളിയനാട് ആദരിക്കും.
ചൊവ്വ പകൽ മൂന്നിന് ചമ്പക്കുളം പടിപ്പുരയ്‌ക്കൽ ക്ഷേത്രത്തിന് സമീപം വഞ്ചിപ്പാട്ട് മത്സരം നടക്കും. സി കെ സദാശിവൻ ഉദ്ഘാടനംചെയ്യും. പമ്പയാറിന്റെ ഇരുകരകളിലെ വീടുകളിലും ദീപം തെളിക്കും.