ആലപ്പുഴ : ആലപ്പുഴയില്‍ വീടിന്റെ മുന്നില്‍ കൂടി 'മീനേ മീനേ' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം നടത്തിയ മീന്‍കാരനെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍.
ആലപ്പുഴ മുനിസിപ്പല്‍ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ ഷെരീഫ് മകന്‍ സിറാജാണ്( 27) പിടിയിലായത്. ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാര്‍ഡ് വെളിയില്‍ വീട്ടില്‍ ബഷീറിനാണ് (51) പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.
സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ കൂടി മീന്‍കച്ചവടക്കാര്‍ ദിവസവും രാവിലെ 'മീനേ മീനേ' എന്ന് ഉച്ചത്തില്‍ വിളിച്ച് മീന്‍ വില്‍പ്പന നടത്തുന്നത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം തനിക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുന്നു എന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പറഞ്ഞത്. എന്നാല്‍, ഇയാള്‍ക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.