ഇടത് മുന്നണിക്ക് തുടർ ഭരണം ലഭിക്കാതെ പോയാൽ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ്. പോലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വൻ തിരിച്ചടി ഉണ്ടാകും.കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് ആർഎസ്എസ് ഫ്രാക്ഷനുകൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിന് വരുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിന് ഇത്ര പോലീസ് അകമ്പടി. മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം

കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പോലീസിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്.

New Update
photos(273)

ആലപ്പുഴ :സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാൽ അതിൻ്റെ ഉത്തരവാദി  ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ മുന്നറിയിപ്പ്. 

Advertisment

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന പൊതു ചർച്ചയിൽ എറണാകുളത്ത് നിന്നുള്ള പ്രതിനിധി ആയൂബ് ഖാനാണ് ഈ മുന്നറിയിപ്പ് നൽകിയത്. 


പോലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വൻ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധികൾ മുന്നറിയിപ്പു നൽകി. യുഡിഎഫ്, ബിജെപി എന്നിവരുടെ  താൽപര്യം സംരക്ഷിക്കുന്നവർ പോലീസിൽ ഉണ്ട്. അതിൽ ഐപിഎസ് മുതൽ താഴെത്തട്ടിലെ ഇൻസ്പെക്ടർമാർ വരെ  ഉണ്ട്.


കാസർഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പോലീസിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. പാർട്ടി ഭരിക്കുന്ന  വകുപ്പുകളോട് ധനകാര്യ വകുപ്പിന് ചിറ്റമ്മ നയമാണെന്നും പ്രതിനിധികൾ വിമർശിച്ചു.

മന്ത്രിമാരെ കൂച്ചുവിലങ്ങിട്ട് നീന്തൽ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. സിപിഐ മന്ത്രിമാരുടെ കൈയും കാലും ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്.


വകുപ്പുകൾക്ക് സാമ്പത്തിക വിഹിതം അനുവദിക്കുന്നതിൽ ധനകാര്യ വകുപ്പ് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന പൊതു ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു.സപ്ലൈകോ യാണ് ഇതിൻറെ ഏറ്റവും നല്ല ഉദാഹരണം എന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 


തൃശ്ശൂർ പൂരം കലക്കൽ ആസൂത്രിതമാണെന്ന വിമർശനവും സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഉയർന്നു.റവന്യൂ മന്ത്രി വിളിച്ചിട്ട് പോലും എഡിജിപി എം. ആർ അജിത് കുമാർ ഫോൺ എടുക്കാത്തത് മനപ്പൂർവ്വമാണ്.കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് ആർഎസ്എസ് ഫ്രാക്ഷനുകളാണ്.

മുഖ്യമന്ത്രി എം ആർ അജിത് കുമാറിനെ  സംരക്ഷിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും  പൊലിസ് സ്റ്റേഷനുകളിൽ ഇടി വാങ്ങുകയാണ്.സാധാരണ ജനത്തിന്റെയും അവസ്ഥ മറിച്ചല്ല.മുഖ്യമന്ത്രി ഭരിക്കുന്ന പോലീസ് വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങൾ ബലികഴിക്കുക ആണ്.


ഇതിനെ ചോദ്യം ചെയ്യാൻ സിപിഐ തയ്യാറാകണമെന്നും പുതു ചർച്ചയിൽ ആവശ്യമുയർന്നു.കേരളാ പൊലീസിൽ അടിത്തട്ടുമുതൽ മുകൾത്തട്ടുവരെ ക്രിമിനൽ ബന്ധമുള്ളവർ ഉണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു.എം ആർ അജിത്കുമാർ ക്രിമിനൽ ബന്ധത്തിന്റെ പ്രകടമായ തെളിവാണ്.


പൂരം കലക്കലിൽ  അജിത് കുമാർ വഹിച്ച  പങ്കിനെ സംബന്ധിച്ച് സർക്കാരിന് ഇപ്പോഴും സംശയം ആണെന്നും ചർച്ചയിൽ പങ്കെടുത്തവർ പരിഹസിച്ചു.ആർഎസ്എസ് നേതൃത്വവുമായി  അജിത് കുമാറിന് ഉള്ള അടുത്ത ബന്ധം മൂലമാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും പ്രതിനിധികൾ ആരോപിച്ചു.

സിപിഐ സംസ്ഥാന സമ്മേളനത്തിലെ  പൊതു ചർച്ചയിൽ മുഖ്യമന്ത്രിക്ക് നേരെ നിരവധിതവണ പരിഹാസം ഉണ്ടായി. നവ കേരള സദസ്സ് ബസ്സിന് നേരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക്  രക്ഷപ്രവർത്തന സർട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സർട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു ഒരു പരിഹാസം. 


സിപിഐ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച മുഖ്യമന്ത്രി ഒരുതവണ പോലും സിപിഐ എന്ന് പറഞ്ഞില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യാൻ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി.  


സംസ്ഥാന സർക്കാരിന്റെ പോലീസ് നയം എൽഡിഎഫിൻ്റേതല്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.ആഭ്യന്തര വകുപ്പ് ഇപ്പോൾ നടപ്പിലാക്കുന്ന നയം എൽഡിഎഫിന്റേതല്ല.

എന്നിട്ടും  ഇടപെടാൻ പോലും സിപിഐക്ക് കഴിയുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വമ്പൻ പോലീസ് അകമ്പടിക്ക് എതിരെയും വിമർശനം ഉയർന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിന് വരുമ്പോൾ എന്തിന് ഇത്രയും പോലീസ് അകമ്പടി  എന്നാണ് പ്രതിനിധികൾ ചോദിച്ചത്.സമ്മേളന വേദിയിൽ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചു. 

ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ല. പാർട്ടി സമ്മേളന പ്രതിനിധികളെ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്.സമ്മേളന വേദിയിൽ എന്ത് സുരക്ഷാ പ്രശ്നമാണുള്ളതെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ചോദിച്ചു.

Advertisment