/sathyam/media/media_files/2025/09/12/photos297-2025-09-12-19-31-02.jpg)
ആലപ്പുഴ: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കെ.ഇ. ഇസ്മയിലിന് പാർട്ടിയുടെ വേദിയിലിരിക്കാൻ യോഗ്യത ഇല്ലെന്ന് ബിനോയ് വിശ്വം സംസ്ഥാന സമ്മേളന പ്രതിനിധികളെ അറിയിച്ചു.
പ്രവർത്തന റിപ്പോർട്ടിന് മറുപടി പറയുമ്പോഴായിരുന്നു ബിനോയ് വിശ്വത്തിന്റെ ഇസ്മയിലിന് എതിരായ വിമർശനം.
മുതിർന്ന നേതാവായ കെ.ഇ. ഇസ്മയിലിന് മുന്നിൽ പാർട്ടിയുടെ വാതിൽ അടയ്ക്കില്ല. പക്ഷേ അത് അകത്ത് കയറ്റലായി ആരും കരുതേണ്ടതില്ല.
പാർട്ടിയുടെ വേദിയിൽ ഇരിക്കാൻ കെ.ഇ ഇസ്മയിലിന് യോഗ്യത ഇല്ല. പ്രായപരിധി പ്രകാരം കെ.ഇ ഇസ്മയിലിന് ഒപ്പം പന്ന്യൻ രവീന്ദ്രനും സി.ദിവാകരനും ഒഴിവായിരുന്നു. പക്ഷേ അവർ സംസ്ഥാന സമ്മേളനത്തിൽ ഉണ്ട്.
കെ.ഇ.ഇസ്മയിൽ പക്ഷേ അവരെ പോലെയല്ല.ഇസ്മയിൽ പാർട്ടിയെ തുടർച്ചയായി കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി നേരിൽ പോയി ഇസ്മയിലിനെ നേരിൽ കണ്ടിരുന്നു.
പക്ഷേ ഫലം ഉണ്ടായില്ല.കെ ഇ ഇസ്മയിൽ മാത്രമല്ല പാർട്ടി ഉണ്ടാക്കിയത്. ഒട്ടേറെ നേതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
എ.കെ. ഗോപാലൻ അടക്കം ഒരുപാട് ചോര നൽകിയതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നത് തിരുത്താൻ ഇസ്മയിൽ തയ്യാറാകണം.തിരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ല.
തിരുത്തിയാൽ ഇസ്മായിലിനും സ്വാഗതമെന്നും ബിനോയ് വിശ്വം പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു.
പാർട്ടി മന്ത്രിമാർക്ക് എതിരായ വിമർശനങ്ങളെയും ബിനോയ് വിശ്വം മറുപടി പ്രസംഗത്തിൽ ശക്തമായി പ്രതിരോധിച്ചു.
പാർട്ടി നിയോഗിച്ച നാല് മന്ത്രിമാരും മികച്ചതാണ്. അവരെല്ലാം പാർട്ടിയിൽ കഴിവ് തെളിയിച്ച നേതാക്കളാണ്. മന്ത്രിമാരെ വെറുതെ വിമർശിക്കരുത്.
അവർ തിരുത്തണമെങ്കിൽ തിരുത്തും വേണമെങ്കിൽ പാർട്ടി നേതൃത്വവും തിരുത്താൻ തയ്യാറാണെന്നും ബിനോയ് വിശ്വം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ ഉണ്ടായ പരാജയം വലിയ മുറിവാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായത് പാർട്ടിക്കേറ്റ മുറിവാണ്.
തൃശ്ശൂരിലെ പ്രവർത്തനത്തിൽ പാർട്ടി ജാഗ്രത കാണിച്ചോയെന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.പാർട്ടി വോട്ട് ചോർന്നോയെന്ന പരിശോധന വേണം.
കണ്ടെത്തുന്ന പിഴവുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
പാർട്ടി അംഗങ്ങൾ പ്രവർത്തനത്തിൽ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംഗങ്ങൾ സജീവമല്ലാത്തതിന്റെ പ്രശ്നങ്ങൾ പാർട്ടി നേരിടുന്നുണ്ട്.
ആ രീതി മാറണമെന്നും ബിനോയ് വിശ്വം പ്രതിനിധികളോട് പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ ചിലർക്കെങ്കിലും ശരിയായ രീതിയിൽ പാർട്ടി വിദ്യാഭ്യാസമില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഇതിൻറെ പശ്ചാത്തലത്തിൽ എല്ലാ പാർട്ടി പ്രവർത്തകർക്കും അഞ്ച് ദിവസത്തെ പാർട്ടി ക്ലാസ് ഏർപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.