Advertisment

ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ കൊടികയറും. ആ‍ർ.നാസ‌റിന് സെക്രട്ടറി സ്ഥാനം തെറിക്കുമോ എന്ന ചോദ്യം ശക്തമാകുന്നു. ജില്ലാ നേതൃത്വം വിവിധ തട്ടിൽ നിൽക്കുന്നതിനാൽ പുതിയ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് ദുഷ്കരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സുധാകരന്റെ വീഴ്ച അദ്ദേഹം അർഹിച്ചതാണെന്ന് വിമർശിക്കുന്നവരും ആലപ്പുഴയിലെ പാർട്ടിയിലുണ്ട്

മികച്ച വാഗ്മിയോ സംഘാടകനോ പുതിയ കാലത്തെപ്പറ്റി കാര്യമായ അറിവോ പുതിയ കാലത്തോട് എങ്ങനെ സംവദിക്കണമെന്നോ ജില്ലാ സെക്രട്ടറിക്ക് നിശ്ചയമില്ലെന്ന വിമ‍ർശനവും നേതൃത്വവും അണികളും ഒരുപോലെ പങ്കുവെക്കുന്നു

New Update
cpim111

ആലപ്പുഴ : ജില്ലാ സമ്മേളനത്തിന് ഹരിപ്പാട് നാളെ കൊടികയറാനിരിക്കെ ആലപ്പുഴയിലെ സി.പി.എമ്മിൽ  ജില്ലാ സെക്രട്ടറി ആ‍ർ.നാസ‌ർ മാറുമോയെന്ന ചോദ്യം ശക്തമാകുന്നു.

Advertisment

സെക്രട്ടറിയെന്ന നിലയിൽ ജില്ലയിലെ പാ‍ർട്ടിക്ക് അർത്ഥപൂർണമായി നേതൃത്വം നൽകാനോ പുതിയ ജന വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന നേതൃത്വമാകാനോ ആർ.നാസറിന് കഴിഞ്ഞില്ലെന്ന വിമർശനം സി.പി.എം നേതൃത്വത്തിലും പ്രവർത്തകരിൽ ഒരു പോലെ ശക്തമാണ്.


മികച്ച വാഗ്മിയോ സംഘാടകനോ പുതിയ കാലത്തെപ്പറ്റി കാര്യമായ അറിവോ പുതിയ കാലത്തോട് എങ്ങനെ സംവദിക്കണമെന്നോ ജില്ലാ സെക്രട്ടറിക്ക് നിശ്ചയമില്ലെന്ന വിമ‍ർശനവും നേതൃത്വവും അണികളും ഒരുപോലെ പങ്കുവെക്കുന്നു.


ജില്ലാ സെക്രട്ടറി എന്ന നിലയിൽ ആർ.നാസറിനുളള ഈ പരിമിതികളെ കുറിച്ച് ജില്ലയുടെ ചുമതലയുളള സംസ്ഥാന സെക്രട്ടേറിയേറ്റംഗത്തിനും സംസ്ഥാന നേതൃത്വത്തിനും ബോധ്യമുണ്ട്.

എന്നാൽ പകരം ആരെ ജില്ലാ സെക്രട്ടറിയായി നിശ്ചയിക്കും എന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് സംസ്ഥാന നേതൃത്വത്തെ പിന്നോട്ട് വലിക്കുന്നത്.

വിഭാഗീയത ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതാണ് ആലപ്പുഴയിൽ പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പ് ദുഷ്കരമാക്കുന്നത്.ജില്ലയിലെ നേതൃത്വം രണ്ടോ മൂന്നോ വിഭാഗങ്ങളായാണ് നിലകൊളളുന്നത്.


സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാനും അദ്ദേഹത്തെ അനുകൂലിക്കുന്ന എച്ച്.സലാം എം.എൽ.എ, കെ.എച്ച് ബാബുജാൻ തുടങ്ങിയ നേതാക്കളുമാണ് പ്രബല വിഭാഗം. 


എതിർപക്ഷത്താണ് ജില്ലാ സെക്രട്ടറി ആർ.നാസർ. നാസറിനൊപ്പം പി.പി.ചിത്തരഞ്ജൻ എം.എൽ.എ അടക്കമുളളവരുണ്ടായിരുന്നു.

എന്നാൽ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ എത്തുക എന്ന ലക്ഷ്യത്തോടെ ചിത്തരഞ്ജൻ സജി ചെറിയാൻ പക്ഷത്തേക്ക് കൂറുമാറിയിട്ടുണ്ട്.

ജില്ലാ നേതൃത്വം വിവിധ തട്ടിൽ നിൽക്കുന്നതിനാൽ പുതിയ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ.


എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വയനാട് ജില്ലാ സമ്മേളനത്തിൽ നടന്ന മാതൃകയിൽ മത്സരം നടന്നാൽ സംസ്ഥാന നേതൃത്വം അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന.


കഴിഞ്ഞ സമ്മേളനകാലം വരെ ആലപ്പുഴയിലെ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന ജി.സുധാകരൻ ഇക്കുറി ജില്ലാ സമ്മേളന പ്രതിനിധി പോലുമല്ല.ജില്ലാ കമ്മിറ്റി ഓഫീസിലെ ബ്രാഞ്ച് അംഗമായ സുധാകരനെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയാക്കാതിരുന്നത് ബോധപൂർവമാണെന്നാണ് ആക്ഷേപം.

എന്നാൽ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും പൊതു സമ്മേളനത്തിലും സുധാകരനെ ക്ഷണിക്കും.

ഒരുകാലത്ത് ജില്ലയിലെ പാർട്ടി ഏത് ദിശയിൽ സഞ്ചരിക്കണമെന്നും സംസ്ഥാന നേതൃത്വത്തിലെ ഏത് ചേരിക്കൊപ്പം നിൽക്കണമെന്നും തീരുമാനിച്ചിരുന്ന സുധാകരന്റെ വൻവീഴ്ച അദ്ദേഹം അർഹിച്ചതാണെന്ന് വിമർശിക്കുന്നവരും ആലപ്പുഴയിലെ പാർട്ടിയിലുണ്ട്.


സുധാകരന്റെ അപ്രീതിക്കിരയായി പാർട്ടിയിൽ ഉയരാതെ പോയ നിരവധി പേരെ ചൂണ്ടിക്കാട്ടിയാണ് അവർ സുധാകരന്റെ പതനം അർഹിച്ചതാണെന്ന് ചൂണ്ടിക്കാട്ടുന്നത്. 


ഹരിപ്പാട് കോടിയേരി ബാലകൃഷ്ണൻ നഗറിലാണ്  ജില്ലാ സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം നടക്കുന്നത്.വെളളിയാഴ്ച രാവിലെ 10 ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടകനായ മുഖ്യമന്ത്രി മുഴുവൻ സമയവും സമ്മേളനത്തിൽ ഉണ്ടാകും.മുഖ്യമന്ത്രിയുടെ സാന്നിധ്യമുളളതിനാൽ ചർച്ചയുടെ മൂർച്ച കുറയുമെന്ന് ഉറപ്പാണ്. 15 ഏരിയാ സമ്മേളനങ്ങൾ നിന്നും തിരഞ്ഞെടുക്കപ്പെട്ട  407 പേർ  പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Advertisment