/sathyam/media/media_files/2025/05/18/iGGTKgVZrj0lQXyLf8bo.jpg)
ആലപ്പുഴ : കേരളത്തിലെ കോൺഗ്രസിൻെറ സംസ്ഥാന ജില്ലാ നേതൃത്വത്തിൽ സമഗ്രപുന: സംഘടനക്ക് കളമൊരുങ്ങുമ്പോഴും ആലപ്പുഴ ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് മാറ്റം ഉണ്ടാകുമോയെന്നതിൽ ആശയക്കുഴപ്പം.
2021 മുതൽ ഡി.സി.സി അധ്യക്ഷ സ്ഥാനം വഹിക്കുന്ന ബി. ബാബുപ്രസാദിനെ മാറ്റുന്നതിലാണ് ആശയ കുഴപ്പം നിലനിൽക്കുന്നത്. മുൻ പ്രതിപക്ഷ നേതാവും പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയുടെ വിശ്വസ്ത അനുയായിയായ ബാബുപ്രസാദിനെ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിലനിർത്താൻ അദ്ദേഹം ശ്രമിച്ചേക്കുമെന്ന പ്രചരണമാണ് ചിന്താക്കുഴപ്പത്തിന് കാരണം.
2011 ൽ ഹരിപ്പാട് മണ്ഡലത്തിലേക്ക് വീണ്ടും മത്സരിക്കാൻ എത്തിയ രമേശ് ചെന്നിത്തലക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്ത നേതാവാണ് ബി.ബാബുപ്രസാദ്. ഹരിപ്പാട് മണ്ഡലത്തിലെ സ്ഥിര താമസക്കാരനായ ബാബുപ്രസാദ് ഒരു ടേം മാത്രമേ എം.എൽ.എയായി ഇരുന്നിട്ടുളളു.
തനിക്ക് വേണ്ടി എം.എൽ.എ സ്ഥാനം ഒഴിഞ്ഞുതന്ന ബാബുപ്രസാദിനെ ഡി.സി.സി തലപ്പത്ത് തന്നെ നിലനിർത്താൻ രമേശ് ചെന്നിത്തലക്ക് താൽപര്യമുണ്ട്. ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടി വരില്ലെന്നാണ് ചെന്നിത്തല ബാബുപ്രസാദിന് നൽകിയിരിക്കുന്ന ഉറപ്പ്.
പുന:സംഘടനയെപ്പറ്റി നടക്കുന്ന ആശയവിനിമയത്തിൽ സ്വന്തം ജില്ലയായ ആലപ്പുഴയിൽ തൻെറ താൽപര്യം നടപ്പിലാകണമെന്ന ആവശ്യം ഉന്നയിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം പരിഗണനക്ക് എടുക്കുമ്പോൾ ആലപ്പുഴയിലെ അഴിച്ചുപണി സംബന്ധിച്ച് പൂർണ ആശയക്കുഴപ്പമാണ്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ബി.ബാബുപ്രസാദിൻെറ പ്രവർത്തനങ്ങളിൽ കെ.പി.സി.സി നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും അത്ര മതിപ്പില്ല. കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ റിപോർട്ടിലും ആലപ്പുഴയിലെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിലയിരുത്തലാണ് ഉളളത്.
എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാലിനും ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ മതിപ്പ് പോരാ.ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാനെത്തിയ കെ.സി.വേണുഗോപാലിന് ഡി.സി.സി നേതൃത്വത്തിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
ലോകസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം ബൂത്തുകളിലും ബുത്ത് കമ്മിറ്റികൾ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയ ശേഷമാണ് നാനൂറോളം ബൂത്തുകളിൽ കമ്മിറ്റികൾ ഉണ്ടായത്. ചെന്നിത്തലയുടെയും ബാബുപ്രസാദിൻെറയും തട്ടകമായ ഹരിപ്പാട് മണ്ഡലത്തിലും കായംകുളം മണ്ഡലത്തിലും ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് വന്നതിലും കെ.സി.വേണുഹൃഗോപാലിന് അതൃപ്തിയുണ്ടായിരുന്നു.
എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ തൻെറ സഹഭാരവാഹിയായിരുന്ന ബാബുപ്രസാദിനോട് കെ.സി.വേണുഗോപാലിന് സോഫ്റ്റ് കോർണർ ഉണ്ട്. അതുകൊണ്ടാണ് ഇത്രയും നാൾ ബാബുപ്രസാദിന് ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാനായത്.
എന്നാൽ മുഴുവൻ ഡി.സി.സികളിലും അഴിച്ചുപണി നടക്കുമ്പോൾ ബാബു പ്രസാദിന് മാത്രമായി ഇളവ് നൽകുക അസാധ്യമാണെന്ന് കരുതുന്നവരും കോൺഗ്രസ് നേതൃത്വത്തിലുണ്ട്. അതിനാലാണ് പ്രവര്‍ത്തന മികവില്ലാത്ത 8 -10 പേരെ മാത്രം മാറ്റുക എന്ന നിലപാടില്‍ നിന്നും മൊത്തം മാറ്റുക എന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
ബാബു പ്രസാദിനെ ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ആ സ്ഥാനത്ത് എത്താനാണ് സാധ്യത. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻെറ വിശ്വസ്തരിൽ ഒരാളാണ് ശ്രീകുമാർ.
കെ.പി.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഊർജസ്വലമായ പ്രവർത്തനം കാഴ്ചവെച്ച ശ്രീകുമാറിനെപറ്റി സംസ്ഥാന നേതൃത്വത്തിനും ദേശിയ നേതൃത്വത്തിനും ഒരുപോലെ മതിപ്പുണ്ട്.
സാമുദായിക സംതുലനം പാലിക്കുന്നതിൻെറ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുളള നേതാവിനെ ഡി.സി.സി പ്രസിഡന്റ് ആക്കണമെന്ന ആവശ്യം വന്നാൽ മാത്രമേ ശ്രീകുമാറിന് ഭീഷണിയുളളു. നായർ വിഭാഗത്തിൽ നിന്നുളള നേതാവാണ് ശ്രീകുമാർ.
ഈഴവ വിഭാഗത്തിൽ നിന്നുളളയാളെ അധ്യക്ഷനായി പരിഗണിച്ചാൽ എം.ലിജുവിനാണ് സാധ്യത. എന്നാൽ ബാബുപ്രസാദിന് മുൻപ് ഡി.സി.സി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നയാളാണ് ലിജു.
കെ. സുധാകരനെ മുൻനിർത്തി നടത്തിയ നീക്കങ്ങളിൽ ലിജുവിനോട് എ.ഐ.സി.സി നിരീക്ഷക ദീപാദാസ് മുൻഷിക്ക് അടക്കും കടുത്ത അതൃപ്ചിയുളള സാഹചര്യത്തിൽ വീണ്ടും ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us