അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം. ജി.സുധാകരനെ പൂർണ്ണമായി തഴഞ്ഞ് സി.പി.എം. ആലപ്പുഴയിൽ നടക്കുന്ന പരിപാടിക്ക് ക്ഷണമില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരന് ഒറ്റപ്പെടൽ ശിക്ഷ

എസ്എഫ്‌ഐക്കെതിരായ വിമർശന കവിത, പ്രായപരിധി ഇളവിലെ വിവാദപരാമർശങ്ങൾ എന്നിവയും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
images(513)

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെതിരായ അവഗണന തുടർന്ന് സി.പി.എം.  

Advertisment

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടക്കുന്ന  പരിപാടിയിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.


അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. 


സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ആർ നാസർ, അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം എന്നിവർക്കാണ് ക്ഷണമുള്ളത്.

പാർട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന.

സുധാകരനൊപ്പം ജില്ലയിലെത്തന്നെ മറ്റൊരു നേതാവായ എസ് രാമചന്ദ്രൻ പിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലാക്കപ്പെട്ടിരുന്നു. അദ്ദേഹവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. 

സമീപകാലത്തായി പാർട്ടിക്ക് തലവേദനയായ നിരവധി പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്.


36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ.വി ദേവദാസിനായി തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. 


വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സുധാകരനെതിരെ പൊലീസ് കേസെടുത്തിരുന്നു. സുധാകരനെതിരെ പാർട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നിരുന്നു.

എസ്എഫ്‌ഐക്കെതിരായ വിമർശന കവിത, പ്രായപരിധി ഇളവിലെ വിവാദപരാമർശങ്ങൾ എന്നിവയും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു.

ഏറ്റവുമൊടുവിൽ സിപിഎം എംഎൽഎമാരായ ജനീഷ്‌കുമാറിനെതിരെയും എച്ച് സലാമിനെതിരെയും സുധാകരൻ രംഗത്തുവന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അനഭിമതനല്ലെങ്കിലും പിണറായിയുടെ ഗുഡ്ബുക്കിൽ നിന്നും പേര് വെട്ടിയതോടെയാണ് അദ്ദേഹത്തിന്റെ ശനി ദശ തുടങ്ങുന്നത്.

Advertisment