കണ്ണേ കരളേ വിഎസ്സേ.. ജീവീക്കുന്നു ഞങ്ങളിലൂടെ...വലിയ ചുടുകാട്ടിൽ സമരസഖാക്കൾക്കൊപ്പം കേരളത്തിന്റെ വി.എസിന് അന്ത്യനിദ്ര

തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു.

New Update
images(1352)

ആലപ്പുഴ: തോരാമഴയിൽ കേരള രാഷ്ട്രീയത്തിലെ വിപ്ലവ പോരാളി ഓർമകളിലേക്ക് എരിഞ്ഞടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസ് എന്ന സമര പോരാട്ടങ്ങളിലെ ധീരനായ കമ്യൂണിസ്റ്റിന് ഇനി അന്ത്യവിശ്രമം.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് അവസാന അന്ത്യോപചാരമർപ്പിക്കാൻ വലിയ ചുടുക്കാട്ടിൽ എത്തിയിരുന്നു. 


സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ വിഎസ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. പതിനായിരങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിഎസിന്റെ ഭൗതികദേഹം കടന്നുവന്ന വഴിത്താരകളിലത്രയും കണ്ടത്.


തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി.

പ്രായവും സമയും വകവെക്കാതെ പതിനായിരങ്ങളാണ് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള വിലാപയാത്രയിൽ വി.എസിനെ അവസാനമായി കണ്ട് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. 


ആർത്തലച്ചുപെയ്ത മഴ പോലും അവഗണിച്ചെത്തിയ ജനസാഗരത്തിന് മുന്നിൽ മുൻകൂട്ടി നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റി.


വിലാപയാത്ര തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റർ താണ്ടാനെടുത്തത് 22 മണിക്കൂറാണ്. കേരളമൊന്നടങ്കം ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയ മണിക്കൂറുകൾ. 

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ്‌ വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. 

വി.എസെന്ന അഞ്ചടി അഞ്ചിഞ്ചുകാരനു മുന്നിൽ കക്ഷി മത രാഷ്ട്രീയ ഭേദങ്ങളുടെ മതിലുകളെല്ലാം തകർന്നുവീണു.

Advertisment