/sathyam/media/media_files/2025/08/07/1001152788-2025-08-07-08-38-05.webp)
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനകേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വസ്തുക്കൾ ഇന്ന് ശാസ്ത്രീയ പരിശോധനകൾക്കായി അയക്കും.
ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഇന്നലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭൻ എന്നിവരുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
ഇന്ന് കസ്റ്റഡി കാലാവധി തീരുന്നതിനാൽ സെബാസ്റ്റ്യനെ കോട്ടയം ക്രൈം ബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യും.
രണ്ട് സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജൈനമ്മയുടെ തിരോധാന കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ചും ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, സിന്ധു, ആയിഷ എന്നിവരുടെ കേസുകൾ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്.
രണ്ട് സംഘങ്ങൾ നടത്തുന്ന പരിശോധനയാണ് ഇന്നലെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടന്നത്.
റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ അസ്ഥിയുണ്ടോ എന്നതടക്കമുള്ള ശാസ്ത്രീയ പരിശോധനയാണ് ഇന്നലെ ആലപ്പുഴ ക്രൈം ബ്രാഞ്ച് നടത്തിയത്.
മണിക്കൂറുകൾ നീണ്ടുനിന്ന പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ല.
സെബാസ്റ്റ്യനെ സഹായിച്ചു എന്ന് പറയുന്ന സുഹൃത്ത് റോസമ്മയുടെ വീട്ടിലും ബിന്ദു പത്മനാഭന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും നിർണായകമായ ഒന്നും കണ്ടെത്താനായില്ല.
എങ്കിലും വാച്ചിന്റെ സ്ട്രാപ്പ് അടക്കമുള്ള വസ്തുക്കളാണ് ശാസ്ത്ര പരിശോധനക്കായി ഇന്ന് അയക്കുന്നത്. കിട്ടിയ തെളിവുകൾ വെച്ച് കൂടുതൽ നിഗമനത്തിലേക്ക് എത്തുന്നതിന് വേണ്ടി ആലപ്പുഴ ക്രൈം ബ്രാഞ്ച് ഇന്ന് യോഗം ചേരും.
അതേസമയം ഇന്ന് സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാകുമോ എന്നാണ് കോട്ടയം ക്രൈം ബ്രാഞ്ച് ലക്ഷ്യംവെക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us