കുട്ടനാടിന്റെ സമഗ്ര വികസനത്തില്‍ എം.എ. ചാക്കോയുടെ സംഭാവനയേറെ. കുട്ടനാട്ടിലെ പൊതുമരാമത്ത് റോഡ് ശൃംഖല രൂപപ്പെടുത്തുന്നതിലും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും കേരളത്തിലെ ദേശീയപാതകളുടെ മേല്‍നോട്ടത്തിലും നിര്‍ണായക പങ്കു വഹിച്ചു

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു 1962ല്‍ നടപ്പിലാക്കിയ കുട്ടനാട് ആര്‍-ബ്ലോക്ക് കായലിന്റെ സ്ഥിരം ബണ്ട് നിര്‍മാണത്തിനുള്ള 'ഹോളണ്ട് സ്‌കീ'മില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരുന്നതു മുതല്‍ സജീവ പങ്കാളിയായിരുന്നു. 

New Update
images (1280 x 960 px)(94)

ആലപ്പുഴ: ആലപ്പുഴയിലും എറണാകുളത്തും വിവിധ സാമൂഹ്യ, സാമുദായിക, കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇന്നലെ അന്തരിച്ച എം.എ. ചാക്കോ എട്ടുകെട്ടില്‍.

Advertisment

പൊതുമരാമത്തു വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ പദവികളില്‍ വരെ ജോലി ചെയ്ത കാലത്ത് കുട്ടനാട്ടിലെ പൊതുമരാമത്ത് റോഡ് ശൃംഖല രൂപപ്പെടുത്തുന്നതിലും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും കേരളത്തിലെ ദേശീയപാതകളുടെ മേല്‍നോട്ടത്തിലും നിര്‍ണായക പങ്കു വഹിച്ചയാളാണ്.

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു 1962ല്‍ നടപ്പിലാക്കിയ കുട്ടനാട് ആര്‍-ബ്ലോക്ക് കായലിന്റെ സ്ഥിരം ബണ്ട് നിര്‍മാണത്തിനുള്ള 'ഹോളണ്ട് സ്‌കീ'മില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരുന്നതു മുതല്‍ സജീവ പങ്കാളിയായിരുന്നു. 

'കുട്ടനാട് കോള്‍ ഏരിയ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍' എന്ന പേരില്‍ സംസ്ഥാന ജലസേചന വകുപ്പ് ആലപ്പുഴയില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. കുട്ടനാടിന്റെയും വൃഷ്ടിപ്രദേശത്തിന്റെയും സാങ്കേതികവും ജലശാസ്ത്രപരവുമായ വിശദാംശങ്ങള്‍ സംഭരിക്കുന്നതില്‍ അദ്ദേഹം പൂര്‍ണ പങ്കാളിയായി. കുട്ടനാട്ടിലെ തെക്ക്, മധ്യ, വടക്കന്‍ പ്രദേശങ്ങളിലെ കായല്‍, പാടശേഖരങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള പദ്ധതി റിപ്പോര്‍ട്ട് തയറാക്കുന്നതില്‍ പ്രമുഖനായിരുന്നു.

പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍ എന്നീ പ്രധാന നദികളിലൂടെ കുട്ടനാട്ടിലേക്കു വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നതു മൂലം കര്‍ഷകരും നാട്ടുകാരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുമായി സഹകരിച്ചു നിരവധി പദ്ധതികള്‍ക്കു ചാക്കോ രൂപം നല്‍കി.

വെള്ളപ്പൊക്കവും പുറം ബണ്ടുകള്‍ പൊട്ടി ഉപ്പുവെള്ളം കയറുന്നതും മൂലമുള്ള നെല്‍കൃഷി നഷ്ടം തടയുന്നതിനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയും വേണ്ടവിധം പരിപാലിച്ചിട്ടില്ലാത്ത പാടശേഖരം പുറം ബണ്ടുകളും കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ പൂര്‍ണമായി ഫലപ്രദമല്ലെന്ന് ചാക്കോ ചൂണ്ടിക്കാട്ടിയിരുന്നു. 

വെള്ളപ്പൊക്കവും ഉപ്പുവെള്ളം കയറുന്നതും തടയുന്നതിനായി ബണ്ട്, സ്പില്‍വേ, പുറം ബണ്ട് എന്നിവയുടെ മെച്ചപ്പെടുത്തലിനുള്ള ബദല്‍ പദ്ധതി കേരള സര്‍ക്കാരിനു ചാക്കോ സമര്‍പ്പിച്ചിരുന്നു. നബാര്‍ഡില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചു പാടശേഖരങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥിരം പദ്ധതിയുടെ നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കുന്നതിലും അദ്ദേഹം സഹകരിച്ചു.

കുട്ടനാട് പ്രദേശത്തെ റോഡ് സംവിധാനത്തിന്റെ ആസൂത്രണത്തില്‍ ചാക്കോ സജീവമായി ഉള്‍പ്പെട്ടിരുന്നു.

ഇതിനായി പൊതുമരാമത്തു വകുപ്പില്‍ പ്രത്യേക ഉപവിഭാഗം രൂപീകരിക്കാനും താത്പര്യമെടുത്തു. വാളയാര്‍ മുതല്‍ പാറശാല വരെയുള്ള 47-ാം നമ്പര്‍ ദേശീയപാത ഒറ്റവരിയില്‍ നിന്നു വീതി കൂട്ടുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ആസൂത്രണം, നിര്‍വഹണം എന്നിവയിലും ആലപ്പുഴ, എറണാകുളം നാഷണല്‍ ഹൈവേ ഡിവിഷനുകളുടെ ഏക്‌സിക്യൂട്ടീവ് എന്‍ജിനീയറെന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കി. ദേശീയപാതയില്‍ മൊബൈല്‍ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ് തുടങ്ങിയതില്‍ ചാക്കോ നിര്‍ണായക പങ്കുവഹിച്ചു. 

 സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ചുമതലയുള്ള സൂപ്രണ്ടിംഗ് എന്‍ജിനീയറായിരിക്കെ നിരവധി പുതിയ വികസന പദ്ധതികളില്‍ സജീവ പങ്കാളിയായി. സുപ്രണ്ടിംഗ്, ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ പദവികളില്‍ ജില്ലാ ഗ്രാമവികസന പദ്ധതി (ഡിആര്‍ഡിഎ), തദ്ദേശീയ പ്രവൃത്തികള്‍ എന്നിവയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് വിവിധ ജലസേചന കനാലുകളുടെ ജോലികള്‍ പൂര്‍ത്തീകരിച്ചു. 

കേരളത്തിലെ കാര്‍ഷിക മേഖലയുടെയും ഭക്ഷ്യവിളകള്‍ അടക്കമുള്ള കാര്‍ഷി കോത്പന്നങ്ങളുടെയും പൊതുവായ വികസനത്തിന് ചാക്കോയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനം സഹായകമായി. 

കുട്ടനാട് പ്രദേശത്ത് നെല്‍കൃഷി സ്ഥിരപ്പെടുത്തുന്നതിനും ദ്വിവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഏറെ സഹായകമായി. വെളിയനാട്, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ മേഖലകളില്‍ ഏറെക്കാലം കൃഷി ചെയ്ത അനുഭവം കര്‍ഷകരെ സഹായിക്കുന്നതില്‍ ചാക്കോയ്ക്കു പ്രചോദനമായി.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പരിപാടികള്‍ ആസൂത്രണം നടത്തുന്നതിലും ഗണ്യമായ പങ്കുവഹിച്ചു.  

Advertisment