/sathyam/media/media_files/2025/08/19/images-1280-x-960-px137-2025-08-19-11-31-11.jpg)
ആലപ്പുഴ: പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ.
വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ജി സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാടിൽ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് എത്തിയത്.
ആലപ്പുഴയിൽ ജില്ലാ നേതൃത്വത്തിൽ നിന്നും കഴിഞ്ഞ കുറേ കാലമായി ജി സുധാകരൻ അവഗണന നേരിടുകയാണ്. പാർട്ടി സമ്മേളനങ്ങളിലടക്കം ഈ അവഗണന പ്രകടവുമായിരുന്നു.
പി കൃഷ്ണപിള്ള അനുസ്മരണ ദിനത്തിൽ സാധാരണ നിലയിൽ വിഎസ്സിന് സുഖമില്ലായതിന് ശേഷം ജി സുധാകരൻ ആയിരുന്നു ഉദ്ഘാടകനായി എത്തിയിരുന്നത്.
എല്ലാ ആഗസ്റ്റ് 19നും അവിടെ എത്തുകയും ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ പരിപാടിക്ക് ക്ഷണം പോലുമില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഇന്ന് ഔദ്യോഗിക പരിപാടി വലിയ ചുടുകാടിൽ വെച്ച് നടന്നിരുന്നു. അതിൽ എളമരം കരീം ആയിരുന്നു ഉദ്ഘാടകനായി എത്തിയത്.
മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഔദ്യോഗിക പരിപാടിക്ക് ശേഷം നേതാക്കളെല്ലാം പോയതിനുശേഷമാണ് ജി സുധാകരൻ ഓട്ടോറിക്ഷയിൽ എത്തിയത്.