നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം.21 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 75 വള്ളങ്ങളാണ് മത്സരരംഗത്ത്

ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.

New Update
photos(40)

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിര ഉയരുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. 

Advertisment

ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും.


കായലിന്റെ 1150 മീറ്റർ നീളത്തിൽ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതൽ ഹീറ്റ്‌സ് മത്സരങ്ങൾ ആരംഭിക്കും. 21 ചുണ്ടൻവള്ളങ്ങൾ ഇത്തവണ മത്സരിക്കുന്നുണ്ട്. 


ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ മുതൽ ട്രാക്കുണരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 


4 മണിക്കാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. വള്ളങ്ങൾ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കൻഡ് വരെ രേഖപ്പെടുത്തുന്ന മത്സരത്തിൽ മികച്ച സമയം കുറിക്കുന്ന 4 ചുണ്ടൻവള്ളങ്ങളാണു നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലിൽ പോരാടുക. 


പാസ് ഉള്ളവർക്കു മാത്രമാണു വള്ളംകളി കാണാൻ ഗാലറികളിൽ പ്രവേശനം.

നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചു ഇന്ന് ആലപ്പുഴയിലേക്ക് കൂടുതൽ ബസ്, ബോട്ട് സർവീസുകളും ഉണ്ടാകും. ആലപ്പുഴ നഗരത്തിൽ രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കും. 

രാവിലെ 6 മുതൽ നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisment