ആലത്തൂരിൽ വാഹനപരിശോധനയ്ക്കിടെ കാറിൽ 142.2 കിലോ കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 30 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും വിധിച്ച് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ഡി സുധീർ ഡേവിഡ്
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഒന്നാം പ്രതി അബ്ദുൾ ഖയ്യും( 39), രണ്ടാം പ്രതി കൽപറ്റ മാമ്പറ്റ പറമ്പിൽ വീട് മുഹമ്മദ് ഷിനാസ് (28), മൂന്നാം പ്രതി വാവ എന്നറിയപ്പെടുന്ന ഷറഫുദ്ദീൻ (34) മലപ്പുറം കൊണ്ടോട്ടി ഏടാലം പറമ്പത്ത് മുഹമ്മദ്( 34), എന്നിവർക്കാണ് പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ഡി സുധീർ ഡേവിഡ് 30 വർഷം കഠിന തടവും 6,00,000- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം.
2021 ലാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലത്തൂർ സ്വാതി ജംഗ്ഷൻ എന്നസ്ഥലത്ത് എസ് ഐ ജീഷ്മോൻ വർഗീസിന് രഹസ്യ വിവരം കിട്ടിയത് അനുസരിച്ച് വാഹനപരിശോധന നടത്തിവരവെയാണ് കാറിൽ യാത്രചെയ്യുകയായിരുന്ന ഒന്നും രണ്ടും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ 142.2 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ ജീഷ്മോൻ വർഗീസ്, പ്രശാന്ത്, സി.പി.ഒ മാരായ ജയൻ, സ്മിതേഷ്, ബ്ലെസൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിന്റെ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ആലത്തൂർ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഗിരീഷ്, ഇൻസ്പെകടർ എ.രമേശ് എന്നിവരായിരുന്നു.
കേസ്സിൻ്റെ തുടരന്വേഷണം നടത്തി മൂന്നാം പ്രതിയെ അറസ്‌റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ്. ഇൻവെസ്റ്റിഗേഷനെ സഹായിച്ചത് എസ് ഐ അബ്ദുൾ റഹ്മാൻ, എഎസ്ഐ ബാബുപോൾ എന്നിവർ ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 45 സാക്ഷികളെ വിസ്തരിച്ച് 123 രേഖകൾ സമർപ്പിച്ചു. എസ് സി പി ഒ മാരായ ആഷിക്ക് റഹ്മാൻ, ജയൻ, ശിവദാസൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.