/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
ആലപ്പുഴ: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ശാസ്താംകോട്ട, ചെങ്ങന്നൂര്‍, തലശ്ശേരി എന്നീ സ്‌റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂര്‍ സ്റ്റേഷനിലും അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ട, വടകര സ്‌റ്റേഷുകളിലും തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു അന്തോദയ എക്‌സ്പ്രസിന് തലശ്ശേരിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരമായി ശാസ്താംകോട്ടക്കും ചെങ്ങന്നൂരിനും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനായുള്ള ഇടപെടലുകൾ ഫലം കണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.
അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് എംപി വ്യക്തമാക്കി.
വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
അതേസമയം, തിരുവനന്തപുരം സെൻട്രൽ– ഹസ്രത് നിസാമുദ്ദിൻ സൂപ്പർഫസ്റ്റ് എക്സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ഡൽഹിയിലേക്കുള്ള ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ, മാവേലിക്കര, അടൂർ മേഖലകളിലെ യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ സഹായകരമാകും. ഈ രണ്ട് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ കത്തുകളും നേരിട്ടുള്ള ഇടപെടലുകളും നടത്തിയിരുന്നുവെന്ന് എംപി അറിയിച്ചു.
ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അനുകൂല തീരുമാനം ഉണ്ടായതെന്നും എംപി കൂട്ടിച്ചേർത്തു.
സ്റ്റോപ്പുകൾ അനുവദിച്ച റെയിൽവേ മന്ത്രാലയത്തിനും ദക്ഷിണ റെയിൽവേ അധികൃതർക്കും എംപി നന്ദി രേഖപ്പെടുത്തി. മണ്ഡലത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us