/sathyam/media/media_files/2025/09/26/amith-2025-09-26-12-05-06.jpg)
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾക്കായി നടന്‍ അമിത് ചക്കാലക്കല്‍ നടത്തിയ യാത്രകൾ കസ്റ്റംസ് അന്വേഷിക്കുന്നു.
അമിത് പലതവണയായി കോയമ്പത്തൂരിലേയ്ക്ക് പോയിരുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു ഈ യാത്രയെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
അമിത് നടത്തിയ വിദേശയാത്രകളും നടന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നടത്തുന്ന അന്വേഷണം തുടരും. ഭൂട്ടാനിൽ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ മുഖ്യ ഇടനിലക്കാരനായി അമിത് കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ ഗാരേജില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും ബാക്കിയുള്ളവ തന്റെ ഗാരേജില്‍ മോഡിപിടിപ്പിക്കാനായി കൊണ്ടുവന്നവയാണെന്നുമാണ് അമിത് പ്രതികരിച്ചത്.
അതിനാല്‍ അമിത് ചക്കാലക്കലിനു ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്.