'അമ്മ' കരുതലിന് പുത്രി സൗഭാഗ്യം; ഒരു ദിനം അമ്മത്തൊട്ടിലുകളിൽ എത്തിയത് മൂന്ന് പെൺകുരുന്നുകൾ

author-image
കെ. നാസര്‍
New Update
74859e4b-564e-4e75-8208-b60b7fbd1676

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകൾ ബുധനാഴ്ച രാത്രി അത്ഭുതകരമായ മൂന്നു പെൺകുരുന്നുകളുടെ വരവിനെ സാക്ഷിയായി. 

Advertisment

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ അമ്മത്തൊട്ടിലുകളിൽ നിന്ന് ഒരേ ദിവസമാണ് ഈ മൂന്ന് കുഞ്ഞുങ്ങളും സുരക്ഷിതമായ സംരക്ഷണത്തിലേക്ക് എത്തിയത്. ഒരുദിനം മൂന്ന് പെൺകുരുന്നുകൾ (അക്ഷര, അഹിംസ, വീണ) സമിതിയുടെ സ്നേഹത്തൊട്ടിലുകളിൽ എത്തിയത് പുതിയ പ്രതീക്ഷയും മാധുര്യവും നൽകി.

രാത്രി എട്ട് മണിക്ക് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആറ് ദിവസം പ്രായവും 2.300 കിലോഗ്രാം ഭാരവുമുള്ള പെൺകുരുന്ന് എത്തി. അർദ്ധരാത്രി 12.55ന് ആലപ്പുഴ അമ്മത്തൊട്ടിലിൽ 20 ദിവസം പ്രായവും 3.300 കിലോഗ്രാം ഭാരവുമുള്ള മറ്റൊരു പെൺകുരുന്നും, വെളുപ്പിന് 3.30ന് വീണ്ടും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ രണ്ടാഴ്ച പ്രായവും 3.300 കിലോഗ്രാം ഭാരവുമുള്ള മൂന്നാമത്തെ പെൺകുരുന്നും എത്തി.

സൈറൺ മുഴങ്ങിയതോടൊപ്പം അമ്മത്തൊട്ടിലുകൾക്ക് സമീപമുള്ള ശിശു സംരക്ഷണ സംഘങ്ങൾ ഉടൻ ഓടിയെത്തി കുരുന്നുകളെ സ്വീകരിച്ച് ശിശു പരിചരണകേന്ദ്രങ്ങളിൽ എത്തിച്ചു. 2002 നവംബർ 14ന് ആരംഭിച്ച അമ്മത്തൊട്ടിൽ പദ്ധതിക്ക് ശേഷം ഒരേ ദിവസം മൂന്നു കുഞ്ഞുങ്ങൾ എത്തുന്നത് ആദ്യമായാണ്.

കുട്ടികളെ സംരക്ഷിക്കാൻ സമിതിക്ക് ജനങ്ങൾ കാണിക്കുന്ന വിശ്വാസമാണ് ഈ വരവിന്റെ അടയാളമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധിജയന്തിയും വിദ്യാരംഭ ദിനവുമായ ഇന്നലെ എത്തിയ കുഞ്ഞുങ്ങൾക്ക് അഹിംസ, അക്ഷര, വീണ എന്നിങ്ങനെ പേരുകൾ നൽകിയതായും അദ്ദേഹം അറിയിച്ചു.

2025ൽ ഇതുവരെ അമ്മത്തൊട്ടിലുകൾ വഴി ആകെ 23 കുട്ടികളാണ് ലഭിച്ചത്. ഇവരിൽ 14 പെൺകുട്ടികളും 9 ആൺകുട്ടികളും ഉൾപ്പെടുന്നു. ജില്ലവാർിയായി തിരുവനന്തപുരം 16 (10 ആൺ, 6 പെൺ), ആലപ്പുഴ 5 (3 പെൺ, 2 ആൺ), കോഴിക്കോട് 1 (ആൺ), തൃശൂർ 1 (പെൺ) എന്നിങ്ങനെയാണ്.

മൂന്നു കുഞ്ഞുങ്ങളുടെയും പ്രാഥമിക ആരോഗ്യ പരിശോധന പൂർത്തിയായി. ഇവരെ ഇപ്പോൾ പൊറ്റമ്മമാരുടെ സ്നേഹപരിരക്ഷയിലും ശിശു പരിചരണ കേന്ദ്രങ്ങളിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ദത്തെടുക്കൽ നടപടികൾ ആരംഭിക്കാനിരിക്കുന്നതിനാൽ ഈ കുഞ്ഞുങ്ങളുടെ ജന്മാവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്ന് ജി.എൽ. അരുൺ ഗോപി അറിയിച്ചു.

Advertisment