സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

New Update
amoebic encephalitis

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം  മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം മാത്രം സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത് 12 പേരാണ്. ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 32 ആയി

Advertisment

ഇന്ന് രണ്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ രോഗം എങ്ങനെയാണ് പടരുന്നത് എന്നതുള്‍പ്പെടെയുള്ള വിശദമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യമുണ്ടാവുക. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അമീബ വര്‍ധിക്കും. മഴക്കാലത്ത് കുളത്തിനു അടിഭാഗത്തു കഴിയുന്ന അമീബ വേനലില്‍ വെള്ളം ഇളം ചൂടിലേക്കു വരുമ്പോള്‍ പുറത്തേക്കെത്തും. 

ജലാശയത്തില്‍ മുങ്ങുമ്പോള്‍ വെള്ളം മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലെത്തിയാണ് രോഗബാധയുണ്ടാവുന്നത്. അമീബയുള്ള വെള്ളം കുടിച്ചാല്‍ മസ്തിഷ്‌കജ്വരം ഉണ്ടാകാറില്ല. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. 

അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രമാണ് രോഗം വരുന്നത്. പക്ഷേ രോഗം ബാധിച്ചവരില്‍ 97 ശതമാനത്തിലധികമാണ് മരണനിരക്ക്.

Advertisment