/sathyam/media/media_files/2025/02/07/CBehHLBBvmKDkFD9l041.jpg)
അമൃതപുരി (കൊല്ലം): അമ്മ, ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ 72-ാംപിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരി ഒരുങ്ങി. അമൃതവർഷം 72 എന്ന പേരിലാണ് നാളെ (27) അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നത്.
ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇക്കുറിയും സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്കായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ കൂറ്റൻ പന്തൽ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം ഒരു ലക്ഷം പേർക്ക് ഒരേസമയം ഇരിക്കാവുന്ന രീതിയിലാണ് പന്തൽ നിർമ്മിക്കുന്നത്. ഇതിന് ഇരുവശങ്ങളിലുമായി അനുബന്ധ പന്തലുകളും ഉണ്ട്.
അമ്മയുടെ പിറന്നാളിനായി ലോകമെമ്പാടുനിന്നും എത്തുന്നവർക്ക് വേണ്ടി താമസം, ഭക്ഷണം, കുടിവെള്ളം, അടിയന്തര വൈദ്യ സഹായം എന്നിവയടക്കം എല്ലാറ്റിനുമായി അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേർ അമൃതവർഷം 72 പരിപാടിയിൽ പങ്കെടുക്കും.
എല്ലാ പരിപാടികളും എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ പന്തലിനുള്ളിലും പുറത്തും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയിൽ നമുക്കുള്ള കടമയെ ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങൾ അടങ്ങിയതാണ് പ്രദർശന മേള. പരിസ്ഥിതി സൗഹൃദം, പ്രകൃതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനവും പുനരുപയോഗവും, വിഭവങ്ങളുടെ മാതൃകാപൂർണമായ മിതോപഭോഗം, സുസ്ഥിര വികസനം തുടങ്ങിയ ലക്ഷ്യങ്ങൾ മഠം എങ്ങനെ മാതൃകാപരമായി നടപ്പാക്കി എന്നതാണ് മൂന്ന് ദിവസം നീളുന്ന പ്രദർശനത്തിലൂടെ വിശദമാക്കുന്നത്.
27 ന് രാവിലെ 5 മണിക്ക് നടത്തുന്ന 72 ഗണപതി ഹോമങ്ങളോടെയാണ് അമ്മയുടെ 72 -ആം പിറന്നാളാഘോഷത്തിന് തുടക്കമാവുക. തുടർന്ന്, ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആദിവാസിഗോത്രാംഗങ്ങൾ ചേർന്നു് 'ഒരു ലോകം, ഒരു ഹൃദയം' എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാർത്ഥന നടത്തും.
തുടർന്ന് 7 മണിക്ക് മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തിനു ശേഷം, പ്രശസ്‌ത സംഗീതജ്ഞരായ ശ്രീ ശരത്തും ശ്രീമതി മഞ്ജരിയും സംഘവും ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്ന് നടക്കും.
9 മണിക്ക് ഗുരുപാദപൂജയും തുടർന്ന്, അമ്മയുടെ സത്സംഗവും ലോകശാന്തിക്കായുള്ള ധ്യാനം ഭജന എന്നിവയുണ്ടാകും. 11 മണിക്ക് ഔപചാരിക ചടങ്ങുകളാരംഭിക്കും. 25 വർഷം മുൻപ് ഐക്യരാഷ്ട്രസഭയിൽ അമ്മ നൽകിയ മലയാളപ്രഭാഷണത്തിൻ്റെ വീഡിയോ പ്രദർശനം, 'ഒരു ലോകം ഒരു ഹൃദയം' എന്ന വിഷയത്തെ ഉപചരിച്ച് സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന മലയാള ഉപന്യാസ മത്സരത്തിന്റെ ഉദ്ഘാടനം, 72 പ്രമുഖ വ്യക്തികൾ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ 'അമ്മക്കടൽ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം, അമൃതകീർത്തി പുരസ്‌കാരം നൽകി പി.ആർ. നാഥനെ ആദരിക്കൽ, കൊച്ചിയിലും ഫരീദാബാദിലും ഉള്ള അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, അമൃത യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 'അസിസ്റ്റീവ് ടെക്നോളജി ഇൻ എജ്യൂക്കേഷൻ' എന്ന വിഭാഗത്തിന്റെ പുതിയ യുനെസ്കോ ചെയറിന്റെ പ്രഖ്യാപനം, കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം, പുതിയ ആശ്രമപ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, അതിഥികളുടെ പ്രഭാഷണങ്ങൾ, അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങൾക്കുള്ള സാരി വിതരണം, സമൂഹ വിവാഹം എന്നിവയും ചടങ്ങിൻ്റെ ഭാഗമായി നടക്കും.
തുടർന്ന് , അമ്മയുടെ ദർശനം ആരംഭിക്കും, അതോടൊപ്പം ദർശനവേദിയിൽ കലാപരിപാടികളും അരങ്ങേറും.