അമൃതാനന്ദമയിക്ക് ചുംബനം നൽകിയതിൽ തെറ്റില്ല, അവരെ കണ്ടത് തന്റെ സ്വന്തം അമ്മയുടെ സ്ഥാനത്ത് : സിപിഎമ്മിനുള്ളിൽ വിവാദം പുകയുമ്പോൾ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

എന്റെ അമ്മ തനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയതെന്നും, അവർക്ക് തന്റെ അമ്മയുടെ പ്രായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു

New Update
SAJI-CHERIYAN

ആലപ്പുഴ: അമൃതാനന്ദമയിയെ അഭിനന്ദിച്ചതിലും ചുംബനം നൽകിയതിലും  വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍.

Advertisment

എന്റെ അമ്മ  തനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയതെന്നും, അവർക്ക് തന്റെ അമ്മയുടെ പ്രായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. താൻ ആ സ്ഥാനത്താണ് അമൃതാനന്ദമയിയെ കണ്ടത്. ഞാൻ അമ്മയ്ക്ക് തിരിച്ചും ചുംബനം നൽകിയെന്നും അദ്ദേ​ഹം പറഞ്ഞു. 

അതിന് ആർക്കാണ്  ഇവിടെ പ്രശ്നമെന്നും മന്ത്രി സജി ചെറിയാൻ ചോദിക്കുന്നു.  അവർ ദൈവം ആണോ അല്ലയോ എന്നത് തന്റെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നഗരസഭ ഗ്രന്ഥ ശാല ഉദ്ഘാടന പരിപാടിയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 

'ഞങ്ങൾ ആരും അവർ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. അവർ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം. ഞങ്ങൾക്ക് പറ്റില്ല. അത് മനസ്സിൽ വെച്ചാൽ മതി' എന്നും സജി ചെറിയാൻ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്.

 അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.

സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംവിധായകന്‍ പ്രിയനന്ദനന്‍, മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.

 മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Advertisment