/sathyam/media/media_files/zAl0wKg9jBFlDD77vcs3.jpg)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട 3861 എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവർക്ക് പിരിച്ചുവിട്ട ദിവസം മുതൽ പുനർനിയമനം നൽകും വകെയുള്ള പകുതി വേതനം നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ സുപ്രധാന ഉത്തരവ്. എംപാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് പെരുവഴിയിലാക്കിയ കെ.എസ്.ആർ.ടി.സിക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഇവർക്കെല്ലാം 2018 ഡിസംബർ മുതലുള്ള പകുതി ശമ്പളം നൽകണമെന്ന ഉത്തരവ് പാലിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ ബാദ്ധ്യതയുണ്ടാവും. ഉത്തരവിനെതിരേ അപ്പീൽ പോവാനാണ് സാദ്ധ്യത.
ട്രൈബൂണൽ ജഡ്ജി കെ.ജെ സ്മിത ജാക്‌സണാണ് ഉത്തരവിറക്കിയത്. 249 ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എം പാനലുകാരെയാണ് തിരിച്ചെടുത്ത് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകേണ്ടത്. എംപാനലുകാരെ തിരിച്ചെടുക്കുന്നതിനെ വിചാരണയ്ക്കിടെ കെ.എസ്.ആർ.ടി.സി ശക്തമായി എതിർത്തിരുന്നു. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ മറച്ചുവച്ച് ബോധപൂർവം കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു.
2019ലെ കണക്കനുസരിച്ച് 5526 ഷെഡ്യൂളുകളുള്ള കെ.എസ്.ആർ.ടി.സിക്ക് 5662 ബസുകളും 33146 ജീവനക്കാരുമാണുള്ളത്. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ എംപാനലുകാരെ നിയമിച്ചു. 179 ദിവസം പൂർത്തിയാകുമ്പോൾ ഇവരെ ഒഴിവാക്കി ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് തുടർന്നിരുന്നത്. ഇതിനിടെ പി.എസ്.സി ലിസ്റ്റിലുണ്ടായിരുന്നവർ കോടതിയെ സമീപിച്ച് എംപാനലുകാരെ പിരിച്ചുവിടാൻ ഉത്തരവ് നേടി.
എംപാനലുകാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകാതിരുന്നതിനെത്തുടർന്ന് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് എംപാനലുകാർ കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് ഫെഡറേഷൻ എന്ന സംഘടന രൂപികരിച്ച് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. യൂണിയനുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് 2012ൽ ധാരണയിലെത്തുകയും എംപാനലുകാരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ വീണ്ടും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്. യൂണിയനു വേണ്ടി അഭിഭാഷകനായ ലിജു.വി.സ്റ്റീഫൻ ഹാജരായി.
ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു എംപാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. സർക്കാർ തീരുമാനം എംപാനലുകാരെ പിരിച്ചുവിടേണ്ട എന്നാണെന്ന് അന്ന് സിഎംഡിയായിരുന്ന ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. അനുകൂല ഉത്തരവുണ്ടായാൽ എല്ലാവരെയും തിരിച്ചെടുക്കുമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ഇപ്പോഴത്തെ മന്ത്രി ഈ ഉറപ്പ് പാലിക്കുമോയെന്ന് കണ്ടറിയണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us