/sathyam/media/media_files/2025/01/25/7FrKuOsreRG3BhT4Vn9L.jpeg)
അനാമികയും ശരണ്യയും
പെരുമ്പാവൂര്‍: കൂവപ്പടി കൊരുമ്പശ്ശേരി ഗ്രാമത്തിനഭിമാനമായി മാറിയിരിക്കുകയാണ് ഗണപതിവിലാസം ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അനാമികയും ശരണ്യയും. ഇടവൂര്‍ എസ്.എന്‍.ഡി.പി. യോഗം യു.പി. സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ചകാലം മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം.
/sathyam/media/media_files/2025/01/25/2t18DfKYnK2y3zWs587h.jpeg)
ഒരേ നാട്ടുകാര്‍, ഗണപതിവിലാസം ഹൈസ്‌കൂളിലെ പത്താം തരത്തില്‍ എത്തിയപ്പോഴും ഒരേ ക്ലാസ്സിലെ ഒരേ ബെഞ്ചില്‍. സ്‌കൂളിലേയ്ക്കു വരുന്നതും പോകുന്നതും ഒരുമിച്ച്, വീട്ടിലെത്തിയാല്‍ ഒത്തു ചേര്‍ന്നുള്ള പഠനം, ആഴ്ച്ചയില്‍ നൃത്തപഠനം ഒരുമിച്ച്, സാഹിത്യവിഷയങ്ങളില്‍ കഥാരചനയില്‍, കവിതാ രചനയില്‍ സമാനമായ അഭിരുചി, സംഗീതപഠനം, ഒരുമിച്ചുള്ള യാത്രകള്‍, സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ സബ് ജില്ലയിലും ജില്ലാ തലത്തിലും വിജയത്തിളക്കം അങ്ങനെ ഇരുവരുടെയും കൂട്ടുകെട്ടിന് സമാനതകളേറെയാണ്.
അധ്യാപകര്‍ക്കെല്ലാം ഇവര്‍ മാതൃകാ വിദ്യാര്‍ത്ഥിനികളാണ്. ഇരുവര്‍ക്കും ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റ 2024 വര്‍ഷത്തെ സംസ്ഥാനതല രാജ്യപുരസ്‌കാര്‍ ലഭിച്ചത് ഗണപതിവിലാസം സ്‌കൂളിന് അഭിമാനനേട്ടമായിയെന്ന് സ്‌കൂളിലെ പൂര്‍വ്വാധ്യാപികയും ഇവരുടെ ഗൈഡ്‌സ് പരിശീലകയുമായിരുന്ന ഷേര്‍ലിദേവി വലിയമംഗലത്ത് പറഞ്ഞു.
/sathyam/media/media_files/2025/01/25/oodstJou58RjlJ2XAHKT.jpeg)
സ്‌കൗട്ടിംഗിലെ പ്രവേശ്, പ്രഥമ സോപാന്‍, ദ്വിതീയ സോപാന്‍, തൃതീയ സോപാന്‍ ബാഡ്ജുകള്‍ കരസ്ഥമാക്കിയ ശേഷമാണ് സംസ്ഥാന ഗവര്‍ണ്ണറുടെ അംഗീകാരപത്രമായ രാജ്യപുരസ്‌കാരം ഇരുവരെയും തേടിയെത്തിയത്.
വിദ്യാഭ്യാസ ജില്ലയുടെ വിവിധയിടങ്ങളിലായി നടന്ന 20 ഇനങ്ങളില്‍ ഓറല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ എന്നിവയിലൂടെ യുള്ള തിരഞ്ഞെടുപ്പിലും ജയിച്ചു കയറിയാണ് പുരസ്‌കാരത്തിനര്‍ഹരായത്.
കേവലം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിക്കുന്ന 25 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് എന്നതിലുപരി സ്‌കൗട്ട് ക്യാമ്പുകളിലെ ചിട്ടയായ പരിശീലനം, പൗരന്‍ എന്ന നിലയില്‍ ഭാവിജീവിതത്തിലെ എല്ലാ കര്‍മ്മമണ്ഡലങ്ങളിലും മുന്നേറാന്‍ പ്രചോദനമേകുന്നതാണെന്ന് അനാമികയും ശരണ്യയും പറഞ്ഞു.
/sathyam/media/media_files/2025/01/25/OHNOucbEKbiQRZJxJdxA.jpeg)
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പൊതുജന സേവനോത്സുകത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് ഗണപതിവിലാസം ഹൈസ്‌കൂളിലെ പരിശീലകരായ നീതു ടീച്ചറും അഞ്ജന ടീച്ചറും പറഞ്ഞു.
കൊരുമ്പശ്ശേരി മുണ്ടയ്ക്കാട് വീട്ടില്‍ പ്രവീണ്‍കുമാറിന്റെയും കലാമണ്ഡലം അമ്പിളിയുടെയും മകളാണ് അനാമിക. അഭിനവ് ആണ് സഹോദരന്‍.
നെടുമ്പുറത്ത് വീട്ടില്‍ രാജേഷ് പിള്ളയുടെയും കൂവപ്പടി ഗ്രാമപ്പഞ്ചായത്തംഗം സന്ധ്യ രാജേഷിന്റെയും മകളാണ് ശരണ്യ. ഗോപികയാണ് അനുജത്തി. പുരസ്‌കാര ജേതാക്കളെ കൂവപ്പടി സമന്വയ റെസിഡന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അനുമോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us