അഞ്ചൽ: ഒരുമാസമായി കൊല്ലം അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസത്തിൽ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് പൗരൻ പിടിയിലായി. നസറുൽ ഇസ്ലാം (35) ആണ് പിടിയിലായത്.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇടയം ആനാടുള്ള കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്തു വരികയായി രുന്ന നസറുൽ ഇസ്ലാം പിടിയിലാകുന്നത്.
ബംഗാൾ സ്വദേശി ഹനീഫ് അലി എന്ന പേരിൽ വ്യാജ ആധാർ കാർഡ് കൈവശം വച്ചായിരുന്നു ഇയാൾ ഇവിടെ താമസിച്ച് ജോലി ചെയ്തുവന്നത്.
രണ്ടു വർഷത്തിലധികമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ ജോലിചെയ്തുവന്ന ഇയാൾ ഒരുമാസമായി അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ജോലി നോക്കിയിരുന്നത്.
ഇയാളെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും കേരള പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗവും മണിക്കൂറുകളോളം ചോദ്യം ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ഇയാൾ ആധാർ കാർഡ് എങ്ങനെ എടുത്തു, ഇയാളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ കേരളത്തിൽ വന്നിട്ടുണ്ടോ, ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.
അടുത്തിടെ കൊല്ലം ഭാഗത്ത് നിന്നും സമാനമായി ചിലരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നസറുൽ ഇസ്ലാം പിടിയിലാകുന്നത്. മലയോര മേഖല കേന്ദ്രീകരിച്ച് കൂടുതൽ ആളുകൾ എത്തിയിട്ടുണ്ടാകാം എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.