അങ്കമാലിയിൽ പെൺകുട്ടി കാറിടിച്ച് മരിച്ച സംഭവം, പ്രതിയായ യുവ ഡോക്ടറെ അന്വേഷിച്ച് അങ്കമാലി പോലീസ് കോട്ടയത്ത്. അതിരമ്പുഴയിലെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തി.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റു രക്തം വാർന്നു റോഡിൽ കിടന്ന ജസ്‌ലിയയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയാറാകാതെയാണ് ഡോക്ടർ കൂടിയായ സിറിയക് കടന്നുകളഞ്ഞത്

New Update
angamaly

കോട്ടയം: അങ്കമാലിയിൽ പെൺകുട്ടി കാറിടിച്ച് മരിച്ച സംഭവം, പ്രതിയെ അന്വേഷിച്ച് അങ്കമാലി പോലീസ് കോട്ടയത്ത് എത്തി. 

Advertisment

അങ്കമാലി മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനി ജസ്‌ലിയ ജോൺസനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് തുറവൂരിൽ നിന്നാണ് കണ്ടെത്തിയത്. 

അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് കാർ എന്നു തിരിച്ചറിഞ്ഞിരുന്നു.  പിന്നീട് വാഹനം ഓടിച്ചത് ജോർജിൻ്റെ മകൻ സിറിയക്ക് ആണെന്നു കണ്ടെത്തിയിരുന്നു. ഇയാൾ ഡോക്ടറാണ്.

ഫെബ്രുവരി 28നു രാത്രി 7.30നു ദേശീയപാതയിൽ അങ്കമാലി ടെൽക് ജങ്ഷനിലായിരുന്നു അപകടം.


തലയ്ക്കു ഗുരുതരമായി പരുക്കേറ്റു രക്തം വാർന്നു റോഡിൽ കിടന്ന ജസ്‌ലിയയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയാറാകാതെയാണ് ഡോക്ടർ കൂടിയായ സിറിയക് കടന്നുകളഞ്ഞത്. പിന്നീടു ഹൈവേ പോലീസാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. 


ഇൻസ്പെക്ടർ എ.രമേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.  സിറിയക്കിനോട് ഹാജരാകാൻ നിർദ്ദേശം പോലീസ് നൽകിയിരുന്നു. എന്നാൽ, ഇയാൾ ഒളിവിൽ തുടരുകയാണ്. 

സാമ്പത്തിക പിൻബലമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നു പോലീസിനെ തടയുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് പോലീസ് സിറിയക്കിനെ അന്വേഷിച്ച് അതിരമ്പുഴയിലെ വീട്ടിലേക്ക് എത്തിയത്. 

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും മാർച്ച് നടത്തിയിരുന്നു.  എന്തു കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നു ബന്ധുക്കളും ചോദിക്കുന്നു. 


പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്‍ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും വ്യക്തമാക്കി.


പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി പോലീസ് പറയുന്നു. 

മസ്തിഷ്കമരണം സംഭവിച്ച ജാസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറിയത്. 


അങ്കമാലി മോണിംഗ് സ്റ്റാർ കോളജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേൽക്കുന്നത്.


Advertisment