/sathyam/media/media_files/2025/11/20/anil-akkara-2025-11-20-14-24-00.jpg)
തിരുവനന്തപുരം: കൈവിട്ട അടാട്ട് പഞ്ചായത്ത് തിരിച്ചു പിടിക്കാൻ അനിൽ അക്കരയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ തൃശ്ശൂർ ഡി.സി.സിയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക്.
അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ സ്ഥാനാർത്ഥിയാവാൻ പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് അനിൽ അക്കര വഴങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് കെ.എസ് ശബരീനാഥന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രവർത്തകർക്ക് പകർന്ന അതേ ഊർജ്ജം തൃശ്ശൂർ ജില്ലയിൽ അക്കരയുടെ സ്ഥാനാർത്ഥിത്വത്തോടെ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.
എ.ഐ.സി.സി അംഗമായ അനിൽ അക്കരയുടെ പഞ്ചായത്തിലെ സ്ഥാനാർത്ഥിത്വത്തോടെ സി.പി.എമ്മും ബി.ജെ.പിയും കൂടുതൽ ആശങ്കയിലായി.
/filters:format(webp)/sathyam/media/media_files/2024/11/12/ShF8HqJXZgi5WV7vRMCi.jpg)
രണ്ടു തവണ അടാട്ട് പഞ്ചായത്തംഗമായി അനിൽ അക്കര വിജയിച്ചിട്ടുണ്ട്. 2000ൽ ഏഴാം വാർഡിൽ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പിന്നാലെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
2003ൽ പഞ്ചായത്ത് പ്രസിഡന്റായി. 2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് പ്രസിഡന്റായി തുടർന്നു. 2010 ൽ ജില്ലാ പഞ്ചായത്തംഗമായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായും പ്രവർത്തിച്ചു.
2016ലാണ് വടക്കാ ഞ്ചേരിയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 45 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം. 2021ൽ വടക്കാഞ്ചേരിയിൽ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മിന്റെ തോമസ് ചിറ്റിലപ്പള്ളിയാണ് അനിൽ അക്കരയെ അന്ന് പരാജയപ്പെടുത്തിയത്.
/filters:format(webp)/sathyam/media/media_files/2025/11/20/anil-akkara-2-2025-11-20-14-27-35.jpg)
രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അക്കര ഇനി നിയമസഭയിൽ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് അനിൽ അക്കര രാഷ്ട്രീയ ജീവിതം ആരംഭിച്ച അടാട്ട് പഞ്ചായത്തിലേക്ക് തിരിച്ചെത്തുന്നത്.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം കോട്ടയായ ആലത്തൂർ രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കി പിടിച്ചെടുത്തതിന് പിന്നിൽ പ്രവർത്തിച്ചത് അനിൽ അക്കര ആയിരുന്നു.
കൂടാതെ വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് അടക്കം പുറത്തു കൊണ്ടുവന്ന് പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിലവിലെ സ്ഥാനാർത്ഥിത്വത്തോടെ വാർത്തകളിൽ നിറയുന്ന അക്കരയെ എങ്ങനെയും പരാജയപ്പെടുത്താനാണ് സി.പി.എം കൊണ്ട് പിടിച്ച ശ്രമങ്ങൾ തുടങ്ങിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us