/sathyam/media/media_files/2026/02/25/sanoopp-2026-02-25-18-26-07.jpg)
തൃശൂര്‍: തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിനെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട തൃക്കൂർ സ്വദേശി സനൂപിനും കുടുംബത്തിനും സഹായവാഗ്ദാനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തെത്തി.
തൃക്കൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പം സനൂപിന്റെ വീട് സന്ദർശിച്ച അദ്ദേഹം, കുടുംബത്തിന് ആവശ്യമായ നിയമപരവും സാമൂഹികവുമായ എല്ലാ പിന്തുണയും ഉറപ്പുനൽകി.
സനൂപിന് ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് സഹായകരമായ 'സ്മാർട്ട് ഗ്ലാസ്' നൽകാനാണ് പ്രാഥമിക ചർച്ചകളിൽ വിദഗ്ദ്ധർ ശുപാർശ ചെയ്തത്. തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലായിരിക്കും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുക.
ഇതിനായി മികച്ച ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അനിൽ അക്കര അറിയിച്ചു. മന്ത്രി കെ. രാജനും കഴിഞ്ഞ ദിവസം സനൂപിന് ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
കാൽമുട്ട് വേദനയ്ക്ക് ചികിത്സ തേടി 2023-ലാണ് ടൈൽസ് തൊഴിലാളിയായ സനൂപ് മെഡിക്കൽ കോളേജിലെത്തിയത്. ചികിത്സയ്ക്കിടെയുണ്ടായ അനാസ്ഥ മൂലം ആരോഗ്യനില വഷളാവുകയും ഒടുവിൽ കൃഷ്ണമണികൾ നീക്കം ചെയ്യേണ്ടി വരികയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. കൃഷ്ണമണികൾ നീക്കം ചെയ്യുന്ന വിവരം ആശുപത്രി അധികൃതർ മറച്ചുവെച്ചതായും കുടുംബം ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us