/sathyam/media/media_files/2026/01/10/anil-boss-2026-01-10-19-53-29.jpg)
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നതിന് പിന്നാലെ കുട്ടനാട് സീറ്റിനെ ചൊല്ലി പേമെൻ്റ് സീറ്റ് വിവാദം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന കുട്ടനാട് സീറ്റ് ഹോട്ടൽ വ്യവസായിക്ക് വിറ്റു എന്നാണ് ആരോപണം.
കോൺഗ്രസ് നേതാവ് അനിൽ ബോസ് ആണ് പേമെന്റ് സീറ്റ് ആരോപണവുമായി രംഗത്തുവന്നത്.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ്സ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അനിൽ ബോസ് നേതൃത്വത്തെ സമീപിച്ചു.
കുട്ടനാട് സീറ്റിൽ മത്സരിക്കാനുള്ള താൽപര്യം വ്യക്തമാക്കി കൊണ്ടാണ് അനിൽ ബോസ് പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അനിൽ ബോസ് പരസ്യമായി പേമെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതോടെ കുട്ടനാട് സീറ്റിനെ ചൊല്ലി
യുഡിഎഫിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്.
/sathyam/media/post_attachments/malayalam/sites/default/files/2020/07/22/99901-anil-bose-376924.jpg)
സീറ്റ് വ്യവസായിക്ക് വിറ്റതിൻ്റെ പേരിൽ ജോസഫ് വിഭാഗത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് കോൺഗ്രസ് നേതാവ് അനിൽബോസ് മാധ്യമങ്ങളോട് സംസാരിച്ചത്.
"കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ്സ് ഏറ്റെടുക്കണം. കുട്ടനാട്ടിൽ ഞാൻ മത്സരിച്ചാൽ എന്താണ് കുഴപ്പം? 40 വർഷമായി പാർട്ടിക്ക് വേണ്ടി ജീവിക്കുന്നു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്റെ കുത്തകയൊന്നുമല്ല.
കുട്ടനാടിൻ്റെ രാഷ്ട്രീയ ചരിത്രം കേരള കോൺഗ്രസിന് അറിയില്ല. പേയ്മെന്റ് സീറ്റിൽ വന്നവർ കുട്ടനാട്ടിൽ ജയിക്കില്ല. കുട്ടനാട്ടിൽ ഒരാൾ സ്വയം പ്രഖ്യാപിത യു.ഡി എഫ് സ്ഥാനാർഥിയാവുന്നു. ഇതിൽ കോൺഗ്രസിന്റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട് " അനിൽ ബോസ് ആഞ്ഞടിച്ചു.
കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിലെ റെജി ചെറിയാൻ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതാണ് അനിൽ ബോസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
/sathyam/media/post_attachments/content/dam/mm/mo/news/just-in/images/2019/6/25/Reji-Cherian-Alappuzha-162228.jpg?w=1120&h=583)
മുന്നണിയിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ആകുന്നതിന് മുൻപ് റെജി ചെറിയാൻ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
നിലവിലുള്ള ധാരണ പ്രകരം ജോസഫ് വിഭാഗത്തിനാണ് സീറ്റെങ്കിലും കുട്ടനാട് സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
യുഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഈ മാസം 15ന് ചേരുന്ന കോൺഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. ഈ ചർച്ചയിലും വിഷയം ഉന്നയിക്കാൻ കോൺഗ്രസ് നേതൃത്വത്തിനുമേൽ സമ്മർദ്ദം ഉണ്ട്.
സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇതോടെ കുട്ടനാട് സീറ്റിലെ തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ യുഡിഎഫിൽ കീറാമുട്ടിയായിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/01/07/zG5UWrEl00matux7yxhm.jpg)
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപു തന്നെ കുട്ടനാട്ടിൽ റെജി ചെറിയാൻ മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
മോൻസ് ജോസഫ് ആലപ്പുഴയിൽ എത്തിയാണ് പ്രഖ്യാപനം നടത്തിയത്. ചാനൽ ലേഖകനെ കൊണ്ട് അങ്ങോട്ട് ചോദ്യം ചോദിപ്പിച്ച് ഉത്തരം പറയുകയായിരുന്നു.
എൻസിപിയിൽ നിന്ന് ഒരു കൊല്ലം മുമ്പാണ് റെജി ചെറിയാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയത്. കുട്ടനാട് സീറ്റ് ഉറപ്പിച്ച ശേഷമാണ് കൂടുമാറ്റം എന്ന് അന്നേ സൂചനകൾ ഉണ്ടായിരുന്നു. ഇതിനായി വൻതുക ചെലവാക്കിയതായും പ്രചരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us