/sathyam/media/media_files/2024/12/04/wj9qQa6bXQFNV1ImKAMR.jpg)
കൊല്ലം: കൊല്ലത്ത് 44കാരിയെ കാറിനുള്ളില്‍ ചുട്ടുകൊന്ന സംഭവം വിവരിച്ച് ദൃക്‌സാക്ഷി. ഒരു മനുഷ്യജീവന്‍ പച്ചക്ക് കണ്‍മുന്നില്‍ കത്തിയെരിയുന്നത് കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
കൊട്ടിയം തഴുത്തല തുണ്ടില്‍ മേലേതില്‍ വീട്ടില്‍ അനിലയാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം ഭര്‍ത്താവ് പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പതുമണിയോടെ കൊല്ലം ചെമ്മാമുക്കിലായിരുന്നു സംഭവം നടന്നത്.
കൂട്ടുകാരോട് ജോലിക്കാര്യം പറഞ്ഞിരുന്നപ്പോഴായിരുന്നു സംഭവം കണ്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ് പറയുന്നു.
യുവാവ് പറയുന്നത് ഇങ്ങനെ:- ആള്‍ട്ടോ കാറില്‍ ഒമ്‌നി വാന്‍കൊണ്ട് തട്ടുന്നത് കണ്ടു. തട്ടിയ ഉടന്‍തന്നെ ഒമ്‌ന്നിക്കുള്ളില്‍ നിന്ന് പൊതിപോലെ എന്തോ കാറിനുള്ളിലേക്ക് എടുത്തിടുന്നതും കണ്ടു.
പൊതി ഇട്ട ഉടന്‍ വണ്ടി കത്തി. ഒമ്‌നി ഓടിച്ചിരുന്നയാള്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിയോടി. സംഭവം കണ്ട് ഞങ്ങള്‍ എത്തുമ്പോഴേക്കും കാറില്‍ ഡ്രൈവറുടെ അപ്പുറത്തിരുന്നയാള്‍ പുറത്തേക്ക് ചാടി.
അയാളുടെ ഉടുപ്പ് കത്തിക്കൊണ്ടിരിക്കുകയായിരുന്നു. വീണയുടന്‍ അയാള്‍ ഉരുണ്ടുമാറി. അകത്തൊരാള്‍ ഉണ്ടെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. പപ്പനാ വണ്ടി കത്തിച്ചതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. ഇതുകേട്ട് കാറിനടുത്തേക്ക് വന്നപ്പോള്‍ വണ്ടി റേസ് ആയിക്കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളില്‍ ഉള്ളത് സ്ത്രീയാണെന്ന് വ്യക്തമായി.
അവര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു. സീറ്റ്‌ബെല്‍റ്റ് കത്തിമാറിയതോടെ അവരുടെ കൈ രണ്ടും പുറത്തേക്കുവന്നു. ആ സമയം തന്നെ ഞങ്ങള്‍ പിടിച്ച് പുറത്തേക്കിട്ടു. അപ്പോഴും ശരീരം കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ആ സ്ത്രീ ഞങ്ങളെ അങ്ങോട്ട് പിടിച്ചുവലിച്ചുകൊണ്ടിരുന്നു. വണ്ടിയുടെ അടുത്ത് വരാന്‍ പോലും ആകാത്ത അവസ്ഥയായിരുന്നു അപ്പോള്‍. കാര്‍ മൂന്നുതവണ പൊട്ടിത്തെറിച്ചു.
സ്ത്രീയെ പുറത്തെടുത്തപ്പോള്‍ തന്നെ എണ്‍പതുശതമാനത്തോളം കത്തിപ്പോയി. ഉടന്‍തന്നെ ചാക്കെടുത്ത് പൊതിഞ്ഞു. പിന്നീട് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചുപറയുകയായിരുന്നുവെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us