മണ്ണാര്‍ക്കാട് : കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സ്‌നേഹപൂര്‍വ്വം സാന്ത്വന സ്പര്‍ശം കൂട്ടായ്മ മുടങ്ങാതെ നല്‍കി വരുന്ന പ്രഭാത ചായ-ലഘു ഭക്ഷണ വിതരണത്തില്‍,വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലും നടത്തി വരുന്ന 'സ്‌നേഹപൂര്‍വ്വം സാന്ത്വന സ്പര്‍ശം' കൂട്ടായ്മയുടെ ഭക്ഷണവിതരണവും പ്രഭാത ചായ വിതരണവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അനുഗ്രഹമാവുകയാണ്.
താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ ഞായറാഴ്ചകളിലും ഉച്ചഭക്ഷണ വിതരണവും, തിങ്കളാഴ്ചകളില്‍ കല്ലടിക്കോട് കുടുംബരോഗ്യ കേന്ദ്രത്തില്‍ പ്രഭാത ചായ വിതരണവുമാണ് കൂട്ടായ്മയുടെ മുഖ്യപ്രവര്‍ത്തനം.
വ്യാപാരി നേതാക്കളായ അജോ അഗസ്റ്റിന്‍, അഷ്റഫ് റിറ്റ്‌സി, ശ്രീകാന്ത്, സ്‌നേഹ പൂര്‍വ്വം സാന്ത്വനസ്പര്‍ശം പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, ശ്രീനിവാസന്‍, രാജന്‍ മണിക്കശ്ശേരി, കുഞ്ചപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌നേഹപൂര്‍വ്വം സാന്ത്വന സ്പര്‍ശത്തിന്റെ എല്ലാ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സുമനസ്സുകളുടെ സഹായത്തിലാണ് പ്രതീക്ഷയെന്ന് കൂട്ടായ്മയുടെ ഭാരവാഹികള്‍ പറഞ്ഞു.