വൈറസ് ആക്രമണത്തിന്‍റെ ആദ്യഘട്ടം ആന്‍റിബോഡികള്‍ കൂടുതല്‍ ഫലപ്രദമെന്ന് ആര്‍സിബി ഡയറക്ടര്‍

New Update
Pic
തിരുവനന്തപുരം: വൈറസ് ആക്രമണത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ അല്ലെങ്കില്‍ സമ്പര്‍ക്ക ഘട്ടത്തിലാണ് ആന്‍റിബോഡികള്‍ ഏറ്റവും ഫലപ്രദമാകുന്നതെന്ന് ഫരീദാബാദിലെ റിജിയണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍സിബി) എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദ് സാഹു പറഞ്ഞു.

ബ്രിക്ക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) 'വൈറല്‍ ടീച്ചിങ്സ് കോംപ്ലിമെന്‍റ് റഗുലേഷന്‍ ആന്‍ഡ് ഹോസ്റ്റ് പാത്തോജന്‍ ഇന്‍റര്‍ഫേസ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

രോഗപ്രതിരോധ സംവിധാനത്തിലെ നിര്‍ണായക പ്രോട്ടീനായ കോംപ്ലിമെന്‍റ് കംപോണന്‍റ് 3 (സി3) ന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് തന്‍റെ ഗവേഷണമെന്നും കോശങ്ങള്‍ക്കകത്തും പുറത്തും കാണപ്പെടുന്ന ഈ പ്രോട്ടീന്‍ ജന്‍മനാ ഉള്ള പ്രതിരോധശേഷി, കോശങ്ങളില്‍ സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുക്കളെ പ്രതിരോധിക്കല്‍ എന്നിവയ്ക്ക് ഏറെ പ്രധാനമാണെന്നും ഡോ. അരവിന്ദ് സാഹു പറഞ്ഞു. വൈറസ് ബാധയ്ക്കിടെ സി3 യുടെ പെരുമാറ്റമാണ് ആന്‍റിബോഡികള്‍ ആദ്യഘട്ടത്തില്‍ കൂടുതല്‍ ഫലപ്രദമാകാന്‍ കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോംപ്ലിമെന്‍ററി റഗുലേറ്ററി സംവിധാനം വൈറല്‍ അണുബാധകള്‍ക്കെതിരെ എങ്ങനെയാണ് ഫലപ്രദമായ ചെറുത്ത് നില്‍പ്പ് നടത്തുന്നതെന്ന് തന്‍റെ നേതൃത്വത്തിലുള്ള സംഘം മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു.

രോഗാണുക്കളിലും കേടായ കോശങ്ങളിലും പ്രത്യേക ശ്രദ്ധവച്ച് ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുന്ന രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ കോംപ്ലിമെന്‍ററി റെഗുലേറ്ററി സിസ്റ്റത്തിലാണ് തന്‍റെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വിശദമാക്കി.

രോഗപ്രതിരോധ സംവിധാനം അന്യവസ്തുക്കളെ എങ്ങനെ തിരിച്ചറിയുന്നു എന്നതിനെ പറ്റി അന്വേഷിച്ചാണ് അദ്ദേഹം ഗവേഷണം ആരംഭിച്ചത്. 2009 ലെ എച്ച്1എന്‍1 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതില്‍ കോംപ്ലിമെന്‍റ് ഹോള്‍ഡറുകള്‍ നിര്‍ണായകമാണെന്ന് അദ്ദേഹത്തിന്‍റെ പഠനത്തില്‍ തെളിഞ്ഞിരുന്നു.

ഗവേഷണ മികവിന് പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ. എം ആര്‍ ദാസ് സ്റ്റുഡന്‍റ് മെറിറ്റ് അവാര്‍ഡും മികച്ച പ്രബന്ധത്തിനുള്ള പി.കെ അയ്യങ്കാര്‍ അവാര്‍ഡും ചടങ്ങില്‍ അദ്ദേഹം സമ്മാനിച്ചു.
Advertisment
Advertisment