മയക്കുമരുന്ന് കേസില്‍ വിദേശിയെ രക്ഷിക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു, തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി. സുപ്രീംകോടതി വരെ പോയിട്ടും ആന്റണിരാജുവിന് തോല്‍വി. സത്യം കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീംകോടതി വിരട്ടി. മൂന്ന് പതിറ്റാണ്ട് ചാരം മൂടിയ കേസില്‍ ആന്റണി രാജു കുറ്റക്കാരന്‍. ഇടതുമുന്നണിക്ക് കനത്ത പ്രഹരമായി തൊണ്ടിമുതല്‍ കേസ്

വസ്‌തുതാപരമായ കാര്യങ്ങൾ മുൻമന്ത്രിക്ക് അനുകൂലമല്ലെങ്കിലും, അദ്ദേഹത്തിന്റെ നിയമപരമായ വാദങ്ങളോട് യോജിക്കുന്നതായി സർക്കാർ പിന്നീട്അറിയിക്കുകയായിരുന്നു.

New Update
antony raju supreme court

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, ഘടകക്ഷിയായ ജനാധിപത്യ കോൺഗ്രസിന്റെ നേതാവും മുൻമന്ത്രിയുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ നശിപ്പിക്കൽ കേസ് ഇടതുമുന്നണിക്ക് കനത്ത പ്രഹരമാവും.

Advertisment

3 പതിറ്റാണ്ടോളം ഇഴഞ്ഞുനീങ്ങിയ കേസിൽ നെടുമങ്ങാട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വിചാരണ പൂർത്തിയാക്കി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

സുപ്രീംകോടതി വരെ നിയമയുദ്ധങ്ങളേറെ നടത്തിയിട്ടും കേസിൽ ആന്റണി രാജുവിന് തിരിച്ചടിയായിരുന്നു. മയക്കുമരുന്ന് കേസിൽ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസ് ഏറെ ഗുരുതര സ്വഭാവത്തിലുള്ളതാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ആന്റണി രാജുവിന് വരുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തിരുവനന്തപുരത്ത് സീറ്റ് നൽകിയേക്കില്ല.


അടിവസ്ത്രത്തിൽ ലഹരിമരുന്നൊളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരനായ സാൽവദോറിനെ 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ പിടികൂടിയതാണ് കേസിനാസ്പദമായ സംഭവം. മയക്കു മരുന്നു കേസിൽ ഇയാളെ വഞ്ചിയൂർ സെഷൻസ് കോടതി പത്തു വർഷം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതേവിട്ടു.


തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്കു പാകമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതേ വിട്ടത്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടി ക്ളാർക്കിനെ സ്വാധീനിച്ച് അടിവസ്ത്രത്തിൽ മാറ്റം വരുത്തി പ്രതിയെ രക്ഷിച്ചതാണെന്ന് പിന്നീടു കണ്ടെത്തി. 

antony

ശിരസ്തദാർ നൽകിയ പരാതിയിൽ വലിയതുറ പൊലീസ് കേസെടുത്തു. കോടതി ജീവനക്കാരൻ ജോസ്, ആന്റണി രാജു എന്നിവർക്കെതിരെ 2006 മാർച്ച് 24 നു കുറ്റപത്രവും നൽകി. 2014 ൽ കേസ് നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറിയെങ്കിലും വിചാരണ തുടങ്ങിയില്ല.

തുടർന്നാണ് കേസ് റദ്ദാക്കാൻ ആന്റണി രാജുവും ജോസും ഹർജി നൽകിയത്. കോടതിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയാലുള്ള നടപടിക്രമങ്ങൾ പാലിച്ചല്ല കേസെടുത്തതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 

ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 195 (1) പ്രകാരം ഈ കേസുകളിൽ കോടതിയോ കോടതി നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകണം. തുടർന്ന് മജിസ്ട്രേട്ട് കോടതിയാണ് നടപടി എടുക്കേണ്ടത്. സെഷൻസ് കോടതിയിലെ ശിരസ്തദാറിന്റെ പരാതിയിൽ വലിയതുറ പൊലീസ് അന്വേഷിച്ചു കുറ്റപത്രം നൽകിയത് നിലനിൽക്കില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. 

നെടുമങ്ങാട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള തൊണ്ടിമുതൽ തിരിമറിക്കേസ് പുനഃസ്ഥാപിച്ചത് സുപ്രീംകോടതിയാണ്. മൂന്നുദശകത്തിലേറെയായ കേസിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവ്.


വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിൽ കേരള ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ജസ്റ്റിസുമാരായ സി.ടി.രവികുമാർ, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. തിരിമറി ആരോപണത്തിൽ പുതിയ അന്വേഷണത്തിന് രജിസ്ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതു ചോദ്യംചെയ്‌ത് ആന്റണി രാജുവും വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിനെതിരെ പൊതുപ്രവർത്തകനായ എം.ആർ.അജയനും സമർപ്പിച്ച ഹർജികളിലായിരുന്നു സുപ്രീംകോടതി ഉത്തരവ്.


കോടതി നടപടികളുമായി ബന്ധപ്പെട്ട തൊണ്ടിമുതലിൽ തിരിമറിയുണ്ടായാൽ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിന്മേൽ വിചാരണ നടത്താൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ക്രിമിനൽ നടപടിക്രമത്തിലെ, ഇതുസംബന്ധിച്ച 195(1)(ബി) വകുപ്പ് കണക്കിലെടുത്തായിരുന്നു നടപടി. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെയും തിരുവനന്തപുരം ജില്ലാ ജഡ്‌ജിയുടെയും കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണമെന്ന് നിരീക്ഷിച്ചു.

antony raju h

തൊണ്ടിമുതൽ മോഷണക്കേസ് ഗൗരവുമുള്ളതെന്ന് നേരത്തേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തൊണ്ടിമുതൽ വിചാരണക്കോടതിക്ക് തിരിച്ചുകൊടുത്തിരുന്നോയെന്നും ആരാഞ്ഞിരുന്നു. അൻപതോളം തൊണ്ടിമുതലുകൾ കോടതിയിൽ നിന്ന് കൈപ്പറ്റിയിരുന്നു. കോടതി ആവശ്യപ്പെട്ടപ്പോൾ അടിവസ്ത്രം അടക്കം തിരികെ കൊടുത്തുവെന്നും അഭിഭാഷകൻ അറിയിച്ചു.


1994ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തപ്പോൾ ആന്റണി രാജുവിന്റെ പേരുണ്ടായിരുന്നില്ല. 2002ൽ കേസ് എഴുതിതളളി. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ 2006 മാർച്ചിൽ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആന്റണി രാജു വാദിച്ചെങ്കിലും വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.


സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നും തെറ്റു ചെയ്‌തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യവസ്ഥിതിയിൽ ശുദ്ധി ഉറപ്പാക്കിയേ തീരൂ എന്നും  കോടതിക്ക് സി.ബി.ഐ അന്വേഷണത്തിന് വരെ ഉത്തരവിടാൻ കഴിയുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആന്റണി രാജുവിനെതിരെയുള്ള കേസ് ഗുരുതരമാണെന്നും, വിചാരണ അനുവദിക്കണമെന്നും സത്യവാങ്മൂലം സമർപ്പിച്ചിരുന്ന സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് മയപ്പെടുത്തിയിരുന്നു. ഇത് കോടതി എതിർത്തു.

വസ്‌തുതാപരമായ കാര്യങ്ങൾ മുൻമന്ത്രിക്ക് അനുകൂലമല്ലെങ്കിലും, അദ്ദേഹത്തിന്റെ നിയമപരമായ വാദങ്ങളോട് യോജിക്കുന്നതായി സർക്കാർ പിന്നീട്അറിയിക്കുകയായിരുന്നു. സത്യവാങ്മൂലത്തിലെ നിലപാടിൽ നിന്ന് സർക്കാരിന് പിന്നോട്ടു പോകാനാകില്ലെന്നും കോടതി പ്രതികരിച്ചു.

കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് ഈ നടപടികൾ. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്.


വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.


Untitled

വഞ്ചിയൂർ പൊലിസ് 1994ൽ കേസെടുത്തുവെങ്കിലും പല പ്രാവശ്യം അന്വേഷണം അട്ടിമറിച്ചു. 2006 ഉത്തരമേഖല ഐജിയായിരുന്ന ടിപി സെൻകുമാർ നിയോഗിച്ച പ്രത്യേക സംഘമാണ് ആൻ്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. വഞ്ചിയൂർ കോടതിയിൽ വർഷങ്ങളോളം കേസിൽ വിചാരണ നടക്കാതെ കിടന്നു. 

ഒടുവിൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 പ്രാവശ്യം മന്ത്രിയായിരുന്നപ്പോള്‍ കേസ് പരിഗണിച്ചു മാറ്റി. വീണ്ടും കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ ആൻ്റണി രാജു കേസ് റദ്ദാക്കാൻ സുപ്രീം കോടതി വരെ പോയി. പക്ഷെ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. ഒടുവിലാണ് നിർണായക വിധി പുറത്തുവന്നിരിക്കുന്നത്.

Advertisment