നിലമ്പൂരിലെ ജനകീയൻ വി എസ് ജോയി. അദ്ദേഹം തഴയപ്പെട്ടത് ഗോഡ് ഫാദർമാരില്ലാത്തതിനാലെന്ന് പിവി അൻവർ. ആരാടൻ ഷൗക്കത്തിനെ തള്ളിയ അൻവറിന്റെ നിലപാട് വിലയിരുത്തി കോൺ​ഗ്രസ്. മുന്നണി മര്യാദയും അച്ചടക്കവും പാലിക്കാത്ത അൻവറിനെ ചേർത്തുനിർത്തുന്നത് ആത്മഹത്യാപരമെന്നും കോൺ​ഗ്രസ് നേതാക്കൾ. അൻവറിന്റെ നിലപാട് രണ്ട് ദിവസത്തിനകം

New Update
pv anvar vs joy aryadan shoukath

മലപ്പുറം : സിപിഎമ്മിലെ അനുഭവത്തിൽ നിന്ന് പാഠം പഠിക്കാതെ വീണ്ടും പി.വി. അൻവർ. ഏതെങ്കിലും മുന്നണിയടെയും പാർട്ടിയുടെയും ഭാഗമായിരിക്കെ പാലിക്കേണ്ട അച്ചടക്കത്തിൻ്റെ പരിധി മറന്ന അൻവർ, അര്യാടൻ ഷൗക്കത്തിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആക്കിയ കോൺഗ്രസിൻ്റെ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 

Advertisment

എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ഷൗക്കത്തിന് സാധിക്കില്ല എന്നായിരുന്നു പി.വി. അൻവറിന്റെ തുറന്നടിക്കൽ. നിലമ്പൂരിലെ ജനകീയൻ വി എസ് ജോയിയാണ്, എന്നാൽ അദ്ദേഹം തഴയപ്പെട്ടു. ഗോഡ് ഫാദർമാരില്ലാത്തതാണ് അതിൻ്റെ  കാരണം. 


ഗോഡ്ഫാദർമാരുള്ളവർക്ക് കോൺഗ്രസിൽ എല്ലാം ലഭിക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു. രണ്ടു ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കുമെന്നും അൻവർ വ്യക്തമാക്കി. 


ആദ്യം മുതൽ തന്നെ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെ എതിർത്തിരുന്നയാളാണെങ്കിലും പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരമൊരു തുറന്ന് പറച്ചിൽ കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. 

യു.ഡി.എഫ് പ്രവേശനത്തിന് അനുമതി നൽകാനിരിക്കെ ഇതാണ്  ശെെലിയെങ്കിൽ മുന്നണിയിൽ അംഗമായി കഴിഞ്ഞാൽ ഏതു വിധമായിരിക്കും പെരുമാറുക എന്ന ചോദ്യം കോൺഗ്രസ് നേതാക്കൾ തന്നെ ചോദിച്ചു തുടങ്ങി. 

ഇടത് മുന്നണി നേതാക്കൾ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ചതുരത്തിൽ നിൽകാത്ത അൻവറിനെ പേറേണ്ടതുണ്ടോ എന്ന ചോദ്യവും നേതാക്കൾ ഉന്നയിക്കുന്നുണ്ട്. 


മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട മര്യാദയും അച്ചടക്കവും ഇല്ലാത്ത ആളെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നയാളെ ഉൾക്കൊള്ളുന്നത് ആത്മഹത്യാപരം ആണെന്നാണ് കോൺഗ്രസ് ക്യാമ്പിൽ പൊതുവേ ഉയരുന്ന അഭിപ്രായം.


ആര്യാടൻ ഷൗക്കത്ത് ഇടത്  സ്ഥാനാർത്ഥിയാകാൻ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തിയ ആളാണെന്നും  അൻവർ ആരോപിച്ചിട്ടുണ്ട്.
വയനാട്ടിൽ വച്ച് സംസ്ഥാന സെക്രട്ടറിയുമായാണ് ചർച്ച നടത്തിയതെന്നാണ് ആരോപണം. 

അൻവറിൻ്റെ ഈ പ്രതികരണം തിരഞ്ഞെടുപ്പിലെ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്നുണ്ട്.

സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്തു രംഗത്ത് വന്ന പശ്ചാത്തലത്തിൽ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്നാണ് കോൺഗ്രസ്സിന്റെ തീരുമാനം.


സ്ഥാനാർത്ഥിയോടുള്ള സമീപനം വിലയിരുത്തിയാകും  തീരുമാനം കൈക്കൊള്ളുക. അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനമെടുത്താൽ രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.


അൻവറിനെ  ചേർത്തുനിർത്താനോ തള്ളിപ്പറയാനോ കോൺഗ്രസ് ഇപ്പോൾ ആലോചിക്കുന്നില്ല. സമ്മർദ്ദത്തിന് വഴങ്ങാതെ ആര്യാടൻ ഷൗക്കത്തിനെ  പ്രഖ്യാപിച്ചതിൽ എന്താകും അൻവറിന്റെ സമീപനം എന്ന് വിലയിരുത്തിയ ശേഷം മാത്രമേ യുഡിഎഫ് പ്രവേശന കാര്യത്തിൽ തീരുമാനമെടുക്കൂ.

പ്രചരണ വേദിയിൽ അൻവർ ഉണ്ടാകുമെന്ന് ആത്മവിശ്വാസം കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, വിമത സ്ഥാനാർത്ഥിയെ ഇറക്കിയാൽ  രാഷ്ട്രീയ തന്ത്രം മാറ്റാനാണ് ധാരണ. സമവായത്തിന് അൻവർ സന്നദ്ധനായില്ലെങ്കിൽ അവഗണിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. 

പി വി അൻവറിൻ്റെ മുന്നണി പ്രവേശനത്തിൽ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. അൻവറിന്റെ മുന്നറിയിപ്പ് യുഡിഎഫ് പ്രവേശനം വേഗത്തിലാക്കാനുള്ള സമ്മർദ്ദ തന്ത്രമായാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

Advertisment