നിലമ്പൂർ : ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവറുമായി ബന്ധപ്പെട്ട് സംസ്ഥാന ത്തെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു.
ആദ്യം യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എതിരായി സ്ഥാനാർത്ഥിയാകുകയും ചെയ്ത പി.വി അൻവറിന് പിന്നിൽ കോൺഗ്രസിലെ ഒരു ഉന്നത നേതാവെന്ന് സൂചന.
കോൺഗ്രസിന്റെ പരമോന്നത സമിതിയിൽ അംഗമായ ഇദ്ദേഹമാണ് നിലവിലെ കുഴപ്പങ്ങൾക്ക് പിന്നിലെന്നും പാർട്ടിക്കുള്ളിൽ ആരോപണമുയർന്നിട്ടുണ്ട്.
നിർണ്ണായകമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ പി.വി അൻവറിനെ പിണക്കിയ കാര്യമുന്നയിച്ച് പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും സതീശനെ മാറ്റാനാവുമെന്നാണ് മുതിർന്ന നേതാവിന്റെ വാദം.
അതുകൊണ്ട് തന്നെ സതീശൻ വിരുദ്ധരെ ചേർത്ത് പുതിയ ചേരിക്കും അദ്ദേഹം രൂപം കൊടുത്തു കഴിഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരൻ മാറിയാൽ പ്രതിപക്ഷനേതൃസ്ഥാനം സതീശനും ഒഴിയണമെന്ന വാദമായിരുന്നു ആദ്യം ഈ നേതാവും കൂട്ടരും ഉന്നയിച്ചത്.
കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഒപ്പം നിലയുറപ്പിച്ച മുതിർന്ന നേതാവ് ഇവർ തമ്മിലുള്ള ഭിന്നതയ്ക്കും എണ്ണ പകർന്നിരുന്നുവെന്നാണ് പല പാർട്ടി നേതാക്കളും വ്യക്തമാക്കുന്നത്.
കോൺഗ്രസിനെ ചുഴ്ന്ന് നിൽക്കുന്ന കൂടോത്ര വിവാദങ്ങളിലും ഇദ്ദേഹം പ്രതിസ്ഥാനത്തുണ്ട്.
പല കാര്യങ്ങളിലും യു.ഡി.എഫിലെ കക്ഷികൾക്കിടയിൽ ഭിന്നത വളർത്തി സതീശനെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള പരിശ്രമങ്ങൾ അദ്ദേഹം കൊണ്ട് പിടിച്ച് നടത്തുകയാണ്. ഇത് മുൻനിർത്തിയാണ് അൻവർ വിവാദം ഇദ്ദേഹം സൃഷ്ടിച്ചെടുത്തതെന്നും വാദങ്ങളുണ്ട്.
ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന വാദവുമായാണ് ആദ്യം പി.വി അൻവർ രംഗത്ത് വരുന്നത്. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം യു.ഡി.എഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഷൗക്കത്തിലേക്ക് ചർച്ചകൾ ചെന്നെത്തിയതോടെ മുതിർന്ന നേതാവിന്റെ പിന്തുണയിൽ അൻവർ കളംമാറ്റി ചവിട്ടുകയായിരുന്നുവെന്നാണ് ആരോപണമുയരുന്നത്.
യു.ഡി.എഫിൽ അംഗത്വവും വി.എസ് ജോയിക്ക് സ്ഥാനാർത്ഥിത്വവുമെന്ന അൻവറിന്റെ വാദത്തിന് എണ്ണ പകർന്നതും ഇതേ നേതാവാണെന്നാണ് അണിയറിലെ സംസാരം. അദ്ദേഹം പല തവണ പി.വി അൻവറിനോട് വാട്‌സാപ്പ് കോളിലൂടെ ആശയവിനിമയം നടത്തിയതായും പറയപ്പെടുന്നു.
കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ മാത്രമേ അൻവറിന് യു.ഡി.എഫിൽ അസോസിയേറ്റ് അംഗത്വം ലഭ്യമാക്കൂയെന്ന സതീശന്റെ ഉറച്ച നിലപാടിൽ അടിയറവ് പറയാനൊരുങ്ങിയ അൻവറിനെ വീണ്ടും തർക്കങ്ങളുണ്ടാക്കാനും ഷൗക്കത്തിനെതിരെ പ്രസ്താവന നടത്താനും പ്രേരിപ്പിച്ചത് ഈ നേതാവാണെന്നും വാദങ്ങളുണ്ട്.
മുമ്പ് അൻവർ കോൺഗ്രസിൽ ഇദ്ദേഹത്തിന്റെ ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചത്. മുതിർന്ന നേതാവിനോട് കൂടുതൽ അടുപ്പം കാണിച്ചിട്ടും അൻവറിന് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് അൻവർ കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ ചേക്കേറിയത്.
നിലവിൽ അൻവറിനെ സ്ഥാനാർത്ഥിത്വത്തെ ഇതേ മുതിർന്ന നേതാവ് തള്ളിപ്പറയുന്നുണ്ടെങ്കിലും നിലമ്പൂരിലെ തിരഞ്ഞെടുപ്പ് സഅതീശന്റെ വാട്ടർലൂവാകുമെന്നും ഇദ്ദേഹം അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും അൻവറിന്റെ സ്ഥാനാർത്ഥിത്വവും നിലമ്പൂർ ഉപതിരഞ്ഞെടുപ്പും കോൺഗ്രസ് രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന അലയൊലികൾ വളരെ വലുതായിരിക്കും.