തിരുവനന്തപുരം : മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ മകന്‍ അപൂ ജോണ്‍ ജോസഫിനെ നിര്‍ണായക ചുമതലയിലേയ്ക്ക് കൊണ്ടുവന്നതില്‍ കേരളകോൺഗ്രസ് ജോസഫിൽ അതൃപ്തി.
പദവികള്‍കൊണ്ട് സമ്പന്നമായ പാര്‍ട്ടി ആയിട്ടും മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി.
അടുത്തിടെ മാത്രം പാര്‍ട്ടിയിലെത്തിയ കേരളാ കോണ്‍ഗ്രസ് പശ്ചാത്തലമില്ലാത്ത ചിലരെ പ്രധാന ഭാരവാഹിത്വത്തില്‍ കൊണ്ടുവന്നതിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ട്.
എന്‍സിപി വിട്ട് അടുത്തിടെ പാര്‍ട്ടിയിലെത്തിയ വ്യവസായി റെജി ചെറിയാനെ വൈസ് ചെയര്‍മാന്‍ ആക്കിയതിലാണ് അസംതൃപ്തി.
പാർട്ടിയിൽ നിന്നും ജോണി നെല്ലൂർ വിട്ട് പോയപ്പോൾ ഡെപ്യൂട്ടി ചെയർമാൻ പോസ്റ്റ് ഒഴിവ് വന്നിരുന്നു. ഇതിനായി മുൻ എം.എൽ.എ ജോസഫ്. എം. പുതുശേരി അടക്കമുള്ളയാളുകൾ കരുക്കൾ നീക്കിയിരുന്നു.
എന്നാൽ മുതിർന്ന അംഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ സമവായമെന്ന നിലയിൽ പദവിയിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ടി.യു കുരുവിളയെ പി.ജെ ജോസഫ് നിയമിക്കുകയായിരുന്നു.
കുരുവിളയുടെ പക്കലുണ്ടായിരുന്ന പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ പദവിയാണ് അപൂ ജോസഫിന് നല്കിയത്.
പദവികൊണ്ട് പാര്‍ട്ടിയില്‍ ആറാമനാണ് അപൂ ജോസഫ് എങ്കിലും ഫലത്തില്‍ പിജെ ജോസഫിന്‍റെ പ്രതിനിധിയെന്ന നിലയില്‍ മോന്‍സ് ജോസഫിനൊപ്പമാണ് അപുവിന്റെയും സ്ഥാനം.
മോന്‍സും അപുവുമായി ആലോചിച്ച് കാര്യങ്ങള്‍ നടത്താനാണ് നേതാക്കള്‍ക്ക് ചെയര്‍മാന്‍ പിജെ ജോസഫ് നല്കിയിരിക്കുന്ന അനൌദ്യോഗിക നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ പാര്‍ട്ടിയില്‍ അപൂ ശക്തനാകും. അടുത്ത തവണ തൊടുപുഴയില്‍ ജോസഫിന് പകരം അപൂ ജോസഫിനെ മത്സരിപ്പിക്കാനാണ് ആലോചന.
ഇതിന് പുറമേ ടി.സി ചാണ്ടി, മാത്യു സ്റ്റീഫൻ, വിക്ടർ.ടി.തോമസ്, സാജൻ ഫ്രാൻസിസ് എന്നിവർ പോയതോടെ ഒഴിവു വന്ന പോസ്റ്റുകളിലേക്കും നിയമനം നടന്നുവെങ്കിലും അപ്രതീക്ഷിത മുഖങ്ങള്‍ ഈ സ്ഥാനങ്ങളില്‍ എത്തപ്പെടുകയായിരുന്നു.
ഇനി ചിഹ്നം
തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ കേരളകോൺഗ്രസ് ജോസഫിൽ ചടുല നീക്കങ്ങൾ ആരംഭിച്ചു. കോട്ടയത്ത് നിന്നും ഫ്രാൻസിസ് ജോർജ് പാർലമെന്റംഗമായതോടെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയെ അംഗീകരിക്കും.
ഓട്ടോറിക്ഷ ചിഹ്നം പാർട്ടിക്ക് അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പാർട്ടി ഭാരവാഹിപ്പട്ടികയിൽ ഒഴിവുള്ള സ്ഥാനങ്ങൾ നികത്തിയത്.
തിരുവല്ലയില്‍ തര്‍ക്കം
നിലവിൽ കേരളകോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന തിരുവല്ല സീറ്റിലേക്ക് വർഗീസ് മാമൻ, ജോസഫ്.എം. പുതുശേരി എന്നിവരാണ് രംഗത്തുള്ളത്. അതുകൊണ്ട് തന്നെ തനിക്ക് മുൻഗണന കിട്ടാനാണ് പുതുശേരി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തിന് ഉന്നമിട്ടത്.
അദ്ദേഹത്തിനാണ് ജയസാദ്ധ്യത കൂടുതൽ എന്ന വിലയിരുത്തലാണ് പൊതുവേ പാർട്ടിക്കും യു.ഡി.എഫ് നേതൃത്വത്തിനുമുള്ളത്. എന്നാൽ ജോയി ഏബ്രഹാമടക്കമുള്ള ചില നേതാക്കളുടെ താൽപര്യം പുതുശേരിക്ക് എതിരായെന്നതും യാഥാർത്ഥ്യമാണ്.
വിവിധ വിഷയങ്ങളിൽ നയരൂപീകരണം നടത്താൻ ഈ മാസം 13, 14 തീയ്യതികളിൽ ചരൽക്കുന്നിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വനനിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭൂമി വിഷയം എന്നിവയിൽ പാർട്ടിയുടെ നയം ചർച്ച ചെയ്ത് തീരുമാനിക്കും.
പോഷക സംഘടനാ ഭാരവാഹിത്വം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ പുതിയ ഭാരവാഹികളെ നിയമിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി താഴേത്തട്ടിൽ നടപ്പാക്കേണ്ട പ്രചാരണ പ്രവർത്തനങ്ങൾക്കും ക്യാമ്പിൽ അന്തിമരൂപം നൽകും.