സഖാക്കന്മാര്‍ക്കും കൂട്ടാളികള്‍ക്കും മാത്രമുള്ളതാണോ സര്‍ക്കാര്‍ ജോലി ! പിണറായി സർക്കാരിനു കീഴിൽ പിഎസ്‌സി നോക്കുകുത്തിയാകുന്നു.. കേരളത്തിലെ മെരിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തിന്റെ തകർച്ചയെ ചോദ്യം ചെയ്തു കെസി വേണുഗോപാൽ എംപി

റാങ്ക് ജേതാക്കള്‍ക്ക് മെരിറ്റിനേക്കാള്‍ അധികാരത്തിലിരിക്കുന്നവന്റെ അനുയായി ആവുകയാണ് യോഗ്യതയെന്നു വന്നാല്‍, അതിന്റെ ആഘാതം ഒരു സര്‍ക്കാരിന്റെ കാലാവധിയെക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കും. 

New Update
kc venugopal mp
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഒന്നാം റാങ്ക് നേടിയിട്ടുപോലും നിയമനമില്ല, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പട്ടെവര്‍ നിയമനം കാത്തിരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പക്ഷേ, പി.എസ്.സി സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

Advertisment

പറ്റാവുന്നിടത്തെല്ലാം ഇഷ്ടക്കാതെ താല്‍ക്കാലികക്കാരെന്ന പേരില്‍ തിരികി കയറ്റി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പി.എസ്.സി നിയമനങ്ങള്‍ തടഞ്ഞുവെക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ഗണ്‍മാന്‍ ഉള്‍പ്പെടെ ഒരുകൂട്ടം പേര്‍ക്ക് സര്‍ക്കാരില്‍ സ്ഥിരജോലി ലഭിക്കാന്‍ പുതിയതായി തസ്തികകള്‍ സൃഷ്ടിക്കുന്നത്.


വര്‍ഷങ്ങളോളം പരിശ്രമിച്ച് പി.എസ്.സി പരീക്ഷകള്‍ ജയിച്ച ആയിരക്കണക്കിന് യുവാക്കള്‍ റാങ്ക് ലിസ്റ്റുകളില്‍ കാത്തിരിക്കുകയാണ്. ചില ലിസ്റ്റുകള്‍ കാലഹരണപ്പെട്ടു. ചിലര്‍ക്ക് നിയമനം ലഭിക്കാതെ പ്രതീക്ഷകള്‍ മരവിച്ചു നില്‍ക്കുന്നു. 

അതേസമയം, ഔട്ട് ഓഫ് ടേണ്‍ പ്രമോഷനുകളും പ്രത്യേകമായി സൃഷ്ടിച്ച പദവികളും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ പ്രതികരണങ്ങള്‍ കടുപ്പമായി. 


ഇത് ഒരു ഒറ്റപ്പെട്ട നിയമനത്തിന്റെ പ്രശ്‌നമല്ല, കേരളത്തിലെ മെരിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തിന്റെ വിശ്വാസ്യതയേക്കുറിച്ചുള്ള വലിയ ചോദ്യം തന്നെയാണെന്നു  എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി  പറയുന്നു.


റാങ്ക് ജേതാക്കള്‍ക്ക് മെരിറ്റിനേക്കാള്‍ അധികാരത്തിലിരിക്കുന്നവന്റെ അനുയായി ആവുകയാണ് യോഗ്യതയെന്നു വന്നാല്‍, അതിന്റെ ആഘാതം ഒരു സര്‍ക്കാരിന്റെ കാലാവധിയെക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കും. 

വേണുഗോപാലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'കേരളത്തിലെ യുവജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ക്കു ആവശ്യം പാര്‍ട്ടി നേതാക്കളുടെ ഔദാര്യമല്ല, അവരുടെ ന്യായമായ അവകാശങ്ങളാണെന്നും കെ.സി വേണുഗോപാൽ എംപി പറയുന്നു.

സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്

ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം രണ്ടു സമാന്തര സംഭവങ്ങളാണ്. ഒന്നാമത്, വകുപ്പുകളില്‍ ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും നിയമനങ്ങള്‍ വൈകുന്നതായി പി.എസ്.സി റാങ്ക് ജേതാക്കള്‍ ആരോപിക്കുന്നു. 


നിരവധി റാങ്ക് ലിസ്റ്റുകള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെടാതെ കാലഹരണപ്പെട്ടു. രണ്ടാമത്, 2023-ലെ നവകേരള സദസ് പരിപാടിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെ ചിലര്‍ക്കു പ്രത്യേകമായി സൃഷ്ടിച്ച പദവികളിലൂടെ ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.


സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചാണ് നടപടിയെന്ന് അധികാരികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍, പ്രത്ത്യേകിച്ച് ഗവണ്മെന്റ് ജോലിക്കായി കാത്തിരിക്കുന്ന യുവാക്കള്‍ക്കിടയില്‍, ഇത് കടുത്ത പ്രതികരണം സൃഷ്ടിച്ചു.

"വര്‍ഷങ്ങളോളം പഠിച്ച് പരീക്ഷ ജയിച്ചവര്‍ കാത്തിരിക്കുമ്പോള്‍, അധികാരത്തിന് അടുത്തവര്‍ക്കായി ഒരു രാത്രികൊണ്ട് പദവികള്‍ സൃഷ്ടിക്കപ്പെടുന്നു,'' കെ.സി. വേണുഗോപാല്‍ പറഞ്ഞു. 


ഇത് മെരിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും ഈ ഭരണത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കുള്ള നാമമാത്രമായ വിശ്വാസം പോലും ഇതോടെ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.


ചട്ടലംഘനത്തിനൊപ്പം സ്വജനപക്ഷപാതവും

എല്ലാ നിയമനങ്ങളും ചട്ടലംഘനമാണെന്നു തെളിയിക്കാനാകില്ലെങ്കിലും, ഒഴിവുകള്‍ നിലനില്‍ക്കുമ്പോള്‍ റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടുകയും താല്‍ക്കാലികയോ പ്രത്യേകയോ വഴികള്‍ പി.എസ്.സി ലിസ്റ്റിനെ കടത്തിവെട്ടി, രാഷ്ട്രീയ-ഭരണ സംവിധാനങ്ങളുമായി അടുപ്പമുള്ളവര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്യുമ്പോള്‍, പക്ഷപാതത്തിന്റെ ധാരണ ശക്തമാകുന്നു.


സര്‍ക്കാര്‍ നിയമങ്ങളിലെ രാഷ്ട്രീയസ്വാധീനം പുതിയ കാര്യമല്ല. പക്ഷെ കഴിഞ്ഞ പത്തുവര്ഷങ്ങളായി തുടരെത്തുടരെ പുറത്തുവരുന്ന പിന്‍വാതില്‍ നിയമനങ്ങളുടെ വാര്‍ത്തകള്‍, ഇടതുപക്ഷ ഭരണശൈലി തന്നെ ഇതാണെന്ന ബോധ്യം പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നു.


സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന യുവാക്കൾ നിരാശര്‍

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന വര്‍ഷങ്ങളില്‍ പ്രമോഷനുകളും നിയമനങ്ങളും വേഗത്തിലാകുന്ന പ്രവണത ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഒന്നാണ്. 

ഇതുപോലെയുള്ളവ നിയന്ത്രിക്കാനും കൂടിയാണ് തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന നടപടികള്‍, ഗവണ്മെന്റ് നിയമനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കണമെന്നത് അതിന്റെ ലക്ഷ്യമാണ്.

എന്നാല്‍ പിന്‍വാതില്‍ നിയമനം ഇവിടെ പ്രശ്മാകുന്നത് കേരളത്തില്‍ ഇതൊരു സാധാരണ പതിവുപോലെയായിട്ടുണ്ട് എന്നതുകൊണ്ടാണ്. 


പ്രത്യേകിച്ചും, ഭരണകാലത്തിന്റെ അവസാനനാളുകളില്‍, മെരിറ്റ് ലിസ്റ്റുകളെ കാറ്റില്‍പ്പറത്തികൊണ്ട്, തിരക്കിട്ടുനടത്തുന്ന ഇത്തരം നിയമനങ്ങള്‍ സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നു. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം കാണുന്ന യുവാക്കളെ നിരാശരാക്കുന്നു, പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നു.


നവകേരള സദസിന്റെ നിഴല്‍

അനില്‍ കുമാറിന്റെ നിയമനം വിവാദത്തിലായതിനു വേറെയും കാരണങ്ങളുണ്ട്. പിണറായിയുടെ വിശ്വസ്താനെന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് അനില്‍ കുമാര്‍. 


2023-ലെ നവകേരള സദസിനിടെ, പിണറായിയുടെ നേരെ വന്ന പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ കേസ് വാദിച്ച ഇയാളെ പിന്നീട് വെറുതേ വിട്ടു.


മുഖ്യമന്ത്രിയുടെ വിശദീകരണം ഉണ്ടായിരുന്നെങ്കിലും, ആ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രമോഷന്‍ കൂടുതല്‍ രാഷ്ട്രീയമായ സങ്കീര്‍ണത കൈവരിക്കുന്നു. 

ഭരണപരമായ തീരുമാനങ്ങള്‍ മുന്‍ വിവാദങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ സ്വാഭാവികമായും സംശയത്തിന്റെ നിഴലിലാകുന്നു.

പി.എസ്.സി റാങ്ക് ജേതാക്കളുടെ പ്രതീക്ഷ

ഇന്ന് പി.എസ്.സി റാങ്ക് ജേതാക്കള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. അവരുടെ അവസ്ഥ വെറും കണക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല; അത് വ്യക്തിഗത വിഷമങ്ങളാണ്. 

2023-ലെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ടും നിയമനം ലഭിക്കാത്ത മലപ്പുറം സ്വദേശിനി റഷീദയുടെ അനുഭവം ഈ പ്രതിസന്ധിയുടെ പ്രതീകമായി മാറി. 


റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ ഇവരുടെ വാക്കുകള്‍ കേരളത്തിലെ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും ഉള്ളുനീറ്റുന്നതാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.


മാധ്യമ വാര്‍ത്തയിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ ഞാന്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇവരെ നേരിട്ട് വിളിച്ചപ്പോള്‍ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴില്‍വിരുദ്ധതയുടെ നേര്‍ച്ചിത്രമായിരുന്നു,' അദ്ദേഹം പറഞ്ഞു.

'പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും പിആര്‍ വര്‍ക്കുകള്‍ക്കും കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍, അര്‍ഹരായ ഇവര്‍ക്ക് നിയമനം നല്‍കാന്‍ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് 

യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും കെ.സി ഉറപ്പു നൽകുന്നു.

പുതിയ സര്‍ക്കാര്‍ എന്ത് ചെയ്യണം ?

ഭരണത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ പുതിയ ഗവണ്മെന്റിനു പതിവ് വാഗ്ദാനങ്ങള്‍ക്കും നടപടികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കേണ്ടിവരും. 

വകുപ്പുതലത്തില്‍ ഒഴിവുകളുടെ തത്സമയ കണക്ക് പ്രസിദ്ധീകരിക്കണം. സ്ഥിര നിയമനങ്ങള്‍ കര്‍ശനമായും പി.എസ്.സി. വഴിയേ നടക്കൂ എന്ന് ഉറപ്പാക്കണം.


 തെരഞ്ഞെടുപ്പിനോടടുത്തു സൃഷ്ടിച്ച പ്രത്യേക പദവികളും പ്രമോഷനുകളും പരിശോധിക്കുകയും, ചട്ടലംഘനങ്ങള്‍ തെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കുകയും വേണം. 


ഏറ്റവും പ്രധാനമായി, റാങ്ക് ജേതാക്കള്‍ക്ക് സമയബന്ധിത നിയമന കലണ്ടര്‍ പ്രഖ്യാപിക്കണമെന്നും കെ.സി വേണുഗോപാൽ എംപി ആവശ്യപ്പെടുന്നു.

Advertisment