New Update
/sathyam/media/media_files/cwMVqSDB0vBOV30rorhP.jpg)
കോട്ടയം: പ്ലസ് വണ്ണിനു പഠിക്കാന്‍ മലബാര്‍ ജില്ലകളില്‍ ഇത്തവണയും സീറ്റ് കുറവ്, സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് കണക്കിലെടുത്താലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 58,571 വിദ്യാര്‍ഥികള്‍ക്കു സീറ്റു കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്നും ഈ അവസ്ഥ പരിഹരിക്കാന്‍ സ്ഥിരം പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്നത്.
പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ആദ്യമേ 30 ശതമാനം അനുപാതിക സീറ്റ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇതു വിദ്യാര്‍ഥികളുടെ കണ്ണില്‍ പൊടിയിടുന്നിനു മാത്രമേ ഇതു സാധിക്കുകയുള്ളൂ എന്നാണ് ആരോപണം.
പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് തുടങ്ങി മുഴുവന്‍ ഉപരിപഠന സാധ്യതകള്‍ പരിഗണിച്ചാലും മലബാര്‍ ജില്ലകളില്‍ അര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. മലപ്പുറം ജില്ലയില്‍ മാത്രം 26,402 കുട്ടികള്‍ക്കു സീറ്റില്ല. സര്‍ക്കാര്‍ പറയുന്ന അനുപാതിക സീറ്റ് വര്‍ധന നടപ്പിലാക്കിയാല്‍പ്പോലും മലപ്പുറത്ത് 12,017 സീറ്റുകളുടെയും പാലക്കാട് 3541 സീറ്റുകളുടെയും കുറവുണ്ടാകും.
ഒരു ക്ലാസില്‍ 65 വിദ്യാര്‍ഥികളെ വരെ കുത്തിക്കയറ്റിയാണ് 30% ആനുപാതിക പ്ലസ് വണ്‍ സീറ്റ് വര്‍ധന നടപ്പാക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച സമിതികള്‍ നിര്‍ദേശിച്ചതു പ്രകാരം 50 വിദ്യാര്‍ഥികളാണ് ഒരു ബാച്ചില്‍ ഉണ്ടാകേണ്ടത്. ഇത് അട്ടിമറിക്കപ്പെടുന്നതോടെ വിദ്യാര്‍ഥി അധ്യാപക അനുപാതം പാളുകയും വിദ്യാഭ്യാസ ഗുണനിലവാരം കുറയുകയും ചെയ്യും.
അതേസമയം, തെക്കന്‍ ജില്ലകളില്‍ പല ബാച്ചുകളും വളരെ കുറഞ്ഞ വിദ്യാര്‍ഥികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. അവിടങ്ങളില്‍ അവസാന വിദ്യാര്‍ഥി പ്രവേശനം നേടിക്കഴിഞ്ഞിട്ടും നീറ്റുകള്‍ ഒഴിഞ്ഞുകിടക്കാറുണ്ട്.
മലബാര്‍ ജില്ലകളോടുള്ള നീതി നിഷേധമാണെന്നുമാണു പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, ഉപരി പഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുമെന്നാണു സര്‍ക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ തവണയും സര്‍ക്കാര്‍ ഇതേ ഉറപ്പുകള്‍ നല്‍കിയിട്ടും വിദ്യാര്‍ഥികള്‍ നെട്ടോട്ടം ഓടേണ്ടി വന്നുവെന്നും പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.