മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവര്‍ണര്‍; പിണറായി വിജയന്റെ കത്ത് പരസ്യമായി വായിച്ച് ആരിഫ് മുഹമ്മദ് ഖാന്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഗവര്‍ണറോട് സിപിഎം; ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ മാത്രമെന്ന് എം.വി. ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

New Update
arif muhammed khan real

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍, പിണറായിയുടെ കത്ത് പരസ്യമായി വായിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണം മനസ്സിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി അയച്ച കത്തിൽ പറയുന്നത്. അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.

ഗവര്‍ണര്‍ കെയര്‍ ടേക്കറെന്ന് സിപിഎം

ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഗവര്‍ണറോട് സിപിഎം. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. സ്വര്‍ണക്കടത്ത് തടയേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന രീതിയിലാണ് ഗവര്‍ണര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മലപ്പുറം വിഷയത്തിൽ കാര്യങ്ങൾ പറഞ്ഞിട്ടും തെറ്റായ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണ്.  കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Advertisment