ദി ഹിന്ദുവിലെ അഭിമുഖം ആയുധമാക്കി മുഖ്യമന്ത്രിയെ വിരട്ടി ഗവർണർ. രാജ്ഭവനിലേക്ക് പോവേണ്ടെന്ന് ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിലക്കിയത് ചട്ടവിരുദ്ധവും ഭരണഘടനാപരമായ വീഴ്ചയായും കണക്കാക്കുമെന്ന് മുന്നറിയിപ്പ്. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള ഭരണഘടനാപരമായ തന്റെ ചുമതല മുഖ്യമന്ത്രി തടഞ്ഞെന്ന് കുറ്റപ്പെടുത്തൽ. സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ

ദി ഹിന്ദുവിന് നൽകിയ മലപ്പുറത്തെക്കുറിച്ചുള്ള രാജ്യവിരുദ്ധ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ വിളിപ്പിച്ച ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും തടഞ്ഞ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പിന്റെ ഭാഷയിൽ ചുട്ടമറുപടിയുമായി ഗവർണർ

New Update
arif muhammad khan pinarai vijayan-2

തിരുവനന്തപുരം: ദി ഹിന്ദുവിന് നൽകിയ മലപ്പുറത്തെക്കുറിച്ചുള്ള രാജ്യവിരുദ്ധ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ വിളിപ്പിച്ച ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും തടഞ്ഞ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പിന്റെ ഭാഷയിൽ ചുട്ടമറുപടിയുമായി ഗവർണർ.

Advertisment

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ടപ്രകാരമാണെന്നും തടഞ്ഞത് ഭരണഘടനാപരമായ ചുമതല നിർവഹിക്കാത്തതായി കണക്കാക്കുമെന്ന് മുന്നറിയിപ്പുമായി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു.


മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാലക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാര്‍ശങ്ങളിലാണ് ഗവർണർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയത്. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനിൽ ഹാജരാകാനായിരുന്നു നിർദ്ദേശം.


മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബും ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരായില്ല.

സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ലെന്നും മുഖ്യമന്ത്രി കത്തിലൂടെ ഗവര്‍ണറെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പുറത്തു പറഞ്ഞ ആരോപണത്തിന് ഗവര്‍ണര്‍ വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിച്ചത്.


ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിന് അടക്കം മുഖ്യമന്ത്രിയോടു ഗവര്‍ണര്‍ വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 10നു നല്‍കിയ കത്തില്‍ വൈകാതെ വിശദീകരണം നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.


രാജ്യദ്രോഹകുറ്റം ചുമത്താന്‍ കഴിയുന്ന കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ സംസ്ഥാനത്തു നടന്നാല്‍ ഭരണഘടനയുടെ 167 (ബി) വകുപ്പ് അനുസരിച്ച് സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെ അറിയിക്കണമെന്നാണു ചട്ടമെന്നാണ് പറയുന്നത്.

എന്നാല്‍, ഗവര്‍ണറെ അറിയിക്കാതെ മുഖ്യമന്ത്രി പൊതുവേദിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു വിശദീകരിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

ഇരുവരെയും ഗവർണർ നേരിട്ട് വിളിപ്പിച്ചത് ജനാധിപത്യ ഭരണക്രമത്തിന്റെ എല്ലാ തത്വങ്ങൾക്കും ഭരണഘടനാ ചട്ടങ്ങൾക്കും മര്യാദയ്ക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി രാവിലെ ഗവർണർക്ക് കത്തുനൽകി. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയെ വിരട്ടി ഗവർണർ മറുപടിക്കത്ത് നൽകിയത്.


സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തിൽ വ്യക്തമാക്കി. ഒപ്പം താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവർണർ പറയുന്നു.


മുഖ്യമന്ത്രിയുടെ കത്ത് ഇങ്ങനെ

ഭരണഘടനയുടെ 154, 163, 167 ആനുച്ഛേദങ്ങൾ പ്രകാരം ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സുവ്യക്തമാവുന്നു. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശപ്രകാരമായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടത്. അതിനാൽ ഭരണഘടനാപരമായ ഏതു നടപടിയും മുഖ്യമന്ത്രി വഴിയായിരിക്കണം സ്വീകരിക്കേണ്ടത്.

ഗവർണർക്ക് ആവശ്യമായതും ഗവർണർ ആവശ്യപ്പെടുന്നതുമായ വിവരങ്ങൾ നൽകേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് അനുച്ഛേദം 167ലുണ്ട്. റൂൾസ് ഓഫ് ബിസിനസിലും ഇതിന് നിയതമായ നിയമങ്ങളുണ്ട്.

ഭരണഘടനാപരമായ അധികാരങ്ങളല്ലാതെ, മന്ത്രിസഭയുമായി ബന്ധപ്പെടാൻ ഗവർണർക്ക് സവിശേഷ അധികാരങ്ങളില്ല. ഈ സാഹചര്യത്തിൽ ഗവർണറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സർക്കാരിനെ മറികടന്നുള്ള ആശയവിനിമയത്തിന് മറുപടി നൽകേണ്ടെന്നും നിർദ്ദേശിച്ചു.

gvrnrcmltr

വൈകിട്ടോടെ ഗവർണറുടെ കത്ത്

 ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ അനുച്ഛേദം 167പ്രകാരം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് സമ്മതിച്ചതിനെ അഭിനന്ദിക്കുന്നു. ഞാൻ നൽകിയ കത്തുകൾക്ക് മറുപടി നൽകാതിരുന്ന ശേഷം, ചീഫ്സെക്രട്ടറിയെ വിശദീകരണം നൽകുന്നതിൽ നിന്ന് തടഞ്ഞത് അത്ഭുതപ്പെടുത്തുന്നതാണ്.

വിവരങ്ങൾ തേടിയത് റൂൾസ് ഒഫ് ബിസിനസിനും ഭരണഘടനയുടെ 166(3), 167 അനുച്ഛേദങ്ങൾക്കും അനുസൃതമായാണ്. എന്റെ കത്തനുസരിച്ച് പ്രവർത്തിക്കേണ്ടെന്ന് ചീഫ് സെക്രട്ടറിയോട് താങ്കൾ നിർദ്ദേശിച്ചതിനാൽ  ഞാൻ നൽകിയ കത്ത് പുനപരിശോധിക്കണമെന്നാണ് താങ്കളുടെ ആവശ്യം പ്രസക്തമല്ല.

മലപ്പുറം പരാമർശം സംബന്ധിച്ച വിവരങ്ങൾ തേടിയപ്പോൾ, താങ്കളുടെ നിശബ്ദതയും  ഉദാസീനതയും അനുചിതമായ വൈകിപ്പിക്കലും താങ്കൾക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതും ഉപജാപവുമാണ്.

ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ, നേരത്തേ സർക്കാരുമായുള്ള കത്തിടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ താങ്കളുടെ ന്യായരഹിതവും ദൗർഭാഗ്യകരവുമായ ആരോപണത്തിലേതു പോലെ ഭരണഘടനാപരമായ മര്യാദയില്ലാതെ സർക്കാരിന്റെ പിന്നിലൂടെയുള്ള ഒരു ആശയവിനിമയമല്ലത്.

 ഹവാല, സ്വർണക്കടത്തിലൂടെയെത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നെന്ന ആരോപണം ഭരണഘടനാപരമായ മര്യാദയുടെയും ഭരണപരമായ സാധാരണ നടപടികളുടെയും പേരിൽ നിസാരമായി തള്ളിക്കളയാനാവുന്നതല്ല.

ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയത് ഗവർണറുടെ ഭരണഘടനാ ചുമതല നിർവഹിച്ച്, കഴിഞ്ഞ മൂന്നുവർഷം നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനാണ്.

ഇക്കാര്യം താങ്കൾ പരസ്യമാക്കുകയും എനിക്ക് മനപൂർവ്വം വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്തു. ഭരണഘടനാപരമായ ധാർമ്മികതയെന്ന്  പറഞ്ഞ് ഗവർണർക്ക് വിവരങ്ങൾ നൽകേണ്ട ഭരണഘടനാപരമായ ചുമതല നിർവഹിക്കാത്ത സർക്കാരിന്റെ നടപടിയിൽ ലജ്ജിക്കുന്നു.

Advertisment