കൊച്ചി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ഗവർണർമാരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കെ യോഗത്തിൽ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടുള്ളത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലെ കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയുണ്ടായിരിക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും.