കോഴിക്കോട്: നാടിന്റെ സ്‌നേഹാദരവ് ഏറ്റുവാങ്ങി അര്‍ജുന്‍ മടങ്ങി. സഹോദരന്‍ അഭിജിത്ത് ചിതക്ക് തീകൊളുത്തി.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തിയത്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നത്.